Friday 4 November 2011

ഹോര്‍ത്തൂസ് മലബാറിക്കസിന്റെ പിറവി



image

കൊച്ചിയിലെ ഡച് കമാന്‍ഡറായിരുന്ന ഹെന്‍ട്രിക് ആന്‍ഡ്രിയാന്‍ വാന്റീഡ് (1673-77) ആണ് ഹോര്‍ത്തൂസ് മലബാറിക്കസിന് നേതൃത്വം നല്‍കിയത്.  വാന്റീഡിനൊപ്പം പോര്‍ചുഗീസുകാരില്‍ നിന്ന് കൊച്ചി പിടിച്ചെടുക്കാനുള്ള സംഘത്തിലെ മറ്റൊരാളായിരുന്ന ക്യാപ്റ്റന്‍ ജോണ്‍ ന്യൂഹാഫ് ദക്ഷിണ കേരളത്തിലെ ഔഷധങ്ങളെ പറ്റിയും ജീവിതരീതിയെ കുറിച്ചും എഴുതിയിരുന്നു. കറുവാമരത്തില്‍ നിന്ന് കര്‍പ്പൂരവും കടകപ്പാലയില്‍ നിന്ന് ഔഷധം ഉണ്ടാക്കുന്നതുമെല്ലാം ന്യൂഹാഫ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് ലഭ്യമായ മരുന്നു ചെടികളുടെ ഔഷധ ഗുണം മാത്രമല്ല അവ ഏതെല്ലാം രോഗത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്നും ന്യൂഹാഫ് രേഖപ്പെടുത്തി. വാന്റീഡിന്റെ കൊച്ചിയിലെ വസതി ഒരു ഔഷധശാലയാക്കി മാറ്റിയിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയ ഫാ. മാത്യു എന്നയാളാണ് ഹോര്‍ത്തൂസ് മലബാറിക്കസിന്റെ പ്രാരംഭ പ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിച്ചിരുന്നത്.
സസ്യങ്ങളുടെ ലിസ്റ്റ് തയാറാക്കുക, വിവരങ്ങള്‍ ശേഖരിക്കുക, ചിത്രങ്ങള്‍ കൊത്തുക എന്നിവയെല്ലാമായിരുന്നു ആദ്യ പ്രവര്‍ത്തനങ്ങള്‍. തദ്ദേശീയ പണ്ഡിതരില്‍ ഗൗഡ സരസ്വസ്വത ബ്രാഹ്മണരായ രംഗഭട്ട്, വിനായക ഭട്ട്, അപ്പു ഭട്ട് എന്നിവരും ചേര്‍ത്തലയിലെ ഈഴവ വൈദ്യനായിരുന്ന കൊല്ലാട്ട് ഇട്ടി അച്യുതനുമായിരുന്നു ഹോര്‍ത്തൂസിനു അറിവു നല്‍കിയവര്‍.ഇമ്മാനുവല്‍ കര്‍ണിറോ എന്ന പോര്‍ചുഗീസുകാരനായിരുന്നു മലയാളത്തില്‍ വൈദ്യന്മാര്‍ എഴുതിയ വിവരങ്ങള്‍ പോര്‍ചുഗീസ് ഭാഷയിലേക്ക് മാറ്റിയത്. പിന്നീട് ലാറ്റിന്‍ ഭാഷയിലേക്ക് തര്‍ജമ ചെയ്തത് കസേറയസ് എന്ന വൈദ്യനായിരുന്നു. പുസ്തക വിവരണം ഏതാണ്ട് പൂര്‍ത്തിയായതോടെ വന്റീഡ് കൊച്ചി വിട്ട് 1677 ല്‍ ബറ്റേവിയിലെത്തി. കൊച്ചി വിടുമ്പോള്‍ കൈയെഴുത്തു പ്രതികള്‍ കൂടെ കൊണ്ടുപോയിരുന്നു. 1678 ആംസ്റ്റര്‍ഡാമിലെത്തിയ വാന്റീഡ് പുസ്തക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടു. 1678 ല്‍ ഒന്നാം വാല്യവും 79 ല്‍ രണ്ടും 1693 12ാം വാല്യവും പൂര്‍ത്തിയാക്കി പ്രസിദ്ധീകരിച്ചു. എന്നാല്‍, പുസ്തകം അവസാന വാല്യം പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് 1691 ഡിസംബര്‍ 15ന് ആ കര്‍മധീരനായ ഗവേഷകന്‍ മരണപ്പെട്ടു.
ലാറ്റിന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസ് മലബാറിക്കസ് മൂന്നു നൂറ്റാണ്ടിനു ശേഷം കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി വിഭാഗം മേധാവിയും ഗവേഷകനുമായ കെ.എസ്. മണിലാല്‍ ഇംഗ്ലീഷിലേക്കും തുടര്‍ന്ന് മലയാളത്തിലേക്കും തര്‍ജമ ചെയ്തു. ഇംഗ്ലീഷ് പതിപ്പ് രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ അബ്ദുല്‍ കലാമാണ് പ്രകാശനം ചെയ്തത്. പിന്നീട് കേരള സര്‍വകലാശാല മലയാളത്തില്‍ പ്രസിദ്ധീകരിച്ചു.
 

No comments:

Post a Comment