Wednesday 9 November 2011

എം.ടി .

എം.ടി: മലയാളത്തിന്റെ സുകൃതം
അറിയാത്ത സമുദ്രത്തിന്റെ ആഴങ്ങള്‍ തേടി പോകാതെ കണ്ടും തൊട്ടും തലോടിയും ജീവിതത്തിന്റെ അരികുപറ്റി ഒഴുകിയ നിളയുടെ ഓളങ്ങളെക്കുറിച്ച് പറയാനായിരുന്നു മഠത്തില്‍ തെക്കേപ്പാട്ട് വാസുദേവന്‍ എന്ന എം.ടി. വാസുദേവന്‍ നായര്‍ക്ക് പെരുത്തിഷ്ടം.  നിളയുടെ ജീവിതപ്പരപ്പിലൂടെ നടന്ന് എം.ടി. പറഞ്ഞ കഥകള്‍ മലയാളിയുടെ ഹൃദയത്തില്‍ എന്നും വിട്ടൊഴിയാത്ത അനുഭവമായി കൂടെ കൂടിയിട്ട് കാലമേറെയായി.
എഴുത്തു ജീവിതത്തിന്റെ ആ നാള്‍വഴികളില്‍ പുരസ്കാരങ്ങള്‍ പടി കയറിവരുന്നത് ഇതാദ്യമല്ല. ജ്ഞാനപീഠം എന്ന ഇന്ത്യയിലെ ഏറ്റവും ഉന്നതമായ പുരസ്കാരമടക്കം എം.ടിയുടെ നാലുകെട്ടിനകത്ത് ഇരുപ്പുറപ്പിച്ചു കഴിഞ്ഞിട്ട് കാലങ്ങളായി. ഇത്തിരി വൈകിയാണെങ്കിലും ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും വലിയ പുരസ്കാരമായ എഴുത്തച്ഛന്‍ പുരസ്കാരവും എം.ടി എന്ന മലയാളത്തിന്റെ മഹാനായ എഴുത്തുകാരനെ തേടിയെത്തിയിരിക്കുന്നു.
സ്വന്തം കാലടിപ്പാടുകള്‍ പതിഞ്ഞ വള്ളുവനാടിന്റെ മണ്ണിലെ ജീവിതതാളങ്ങളാണ് എം.ടിയുടെ എഴുത്തിന്റെ കരുത്തായി നിലനിന്നത്. അവയില്‍ തകര്‍ന്നടിഞ്ഞ നായര്‍ തറവാടുകളുടെ നൊമ്പരങ്ങളുണ്ട്. അമാനുഷരെന്ന് വിശ്വസിച്ചിരുന്ന പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ മനുഷ്യമുഖമാര്‍ന്ന തേങ്ങലുകളുണ്ട്. ഭാഷയുടെ ഏറ്റവും നനവാര്‍ന്ന ഭാവമുണ്ട്.
മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന പഴയ മലബാര്‍ ജില്ലയില്‍പെട്ട കൂടല്ലൂരില്‍ 1933 ജൂലൈ 15നാണ് എം.ടിയുടെ ജനനം. തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ മാതൃഭൂമി  ലോകകഥാമല്‍സരത്തില്‍ 'വളര്‍ത്തുമൃഗങ്ങള്‍' എന്ന ചെറുകഥയ്ക്ക് ലഭിച്ച ഒന്നാംസ്ഥാനവുമായി എഴുത്തുകാരന്‍ എന്ന നിലയിലുള്ള തന്റെ വരവ് എം.ടി അറിയിച്ചു. അതേ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുടെ കസേരയില്‍ ദീര്‍ഘകാലം ഇരിക്കാനും എം.ടിക്കായി.
'പാതിരാവും പകല്‍വെളിച്ചവും' ആയിരുന്നു ആദ്യ നോവല്‍. ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ എം.ടിയുടെ മേല്‍വിലാസം മലയാളത്തിലുറപ്പിച്ചത് 'നാലുകെട്ട്' ആയിരുന്നു. ഫ്യൂഡലിസത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷമുള്ള നായര്‍ തറവാടുകളില്‍ ഗതിമുട്ടിക്കഴിഞ്ഞ മനുഷ്യാത്മാക്കളുടെ നിസ്സഹായത അസാമാന്യമായ കൈയൊതുക്കത്തോടെയും ക്രാഫ്റ്റിന്റെ വിരുതോടെയും എം.ടി. തുറന്നുപറഞ്ഞപ്പോള്‍ അത് മലയാളിയുടെ വായനാനുഭവത്തിനുമുന്നില്‍ പുതിയൊരു കാലപ്പിറവി ഉദ്ഘാടനം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് മഞ്ഞ്, കാലം, അസുരവിത്ത്, വിലാപയാത്ര, രണ്ടാമൂഴം, വാരാണസി തുടങ്ങിയ നോവലുകളിലൂടെ എം.ടിയുടെ എഴുത്തിന്റെ ശക്തിയും സൌന്ദര്യവും മലയാളികള്‍ അറിഞ്ഞു.
നോവലിസ്റ്റ് എന്ന നിലയില്‍ മാത്രം ഒതുങ്ങിനിന്നതല്ല എം.ടിയുടെ ജീവിതം. ചെറുകഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, ഡോക്യുമെന്ററി സംവിധാകയന്‍, നാടകകാരന്‍, സഞ്ചാരസാഹിത്യകാരന്‍ തുടങ്ങി അദ്ദേഹത്തിന്റെ കൈമുദ്രകള്‍ പതിയാത്ത മേഖലകള്‍ ചുരുക്കം.
'രക്തംപുരണ്ട മണ്‍തരികള്‍' ആദ്യ കഥാസമാഹാരം.  ഇരുട്ടിന്റെ ആത്മാവ്, കുട്ട്യടേത്തി,  ഓപ്പോള്‍, ഓളവും തീരവും, വാരിക്കുഴി, വേദനയുടെ പൂക്കള്‍,   ബന്ധനം, സ്വര്‍ഗം തുറക്കുന്ന സമയം,  ദാര്‍എസ്സലാം, പതനം, വെയിലും നിലാവും, കളിവീട്,  നിന്റെ ഓര്‍മ്മയ്ക്ക്, വാനപ്രസ്ഥം തുടങ്ങിയവ കഥാസമാഹാരങ്ങള്‍.
കേരളസാഹിത്യഅക്കാദമി അവാര്‍ഡ് മൂന്ന് തവണയും കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്കാരം തുടങ്ങിയ ഒട്ടെറെ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1995ല്‍ പരമോന്നതസാഹിത്യപുരസ്കാരമായ ജ്ഞാനപീഠം ലഭിച്ചു. 2005ല്‍ പദ്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചു.
എം.ടിയിലെ സിനിമക്കാരനാണ് മലയാളികളുടെ ഇടയില്‍ ഏറെ ആഘോഷിക്കപ്പെട്ടത്. എം.ടിതന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'നിര്‍മാല്യം' എന്ന സിനിമയ്ക്ക് 1973ലെ ദേശീയ പുരസ്കാരം ലഭിച്ചു. പി.ജെ. ആന്റണി എന്ന നടന് ദേശീയ പുരസ്കാരം ലഭിച്ചതും സുകുമാരന്‍ എന്ന നടന്റെ ശക്തി മലയാളം തിരിച്ചറിഞ്ഞതും ഈ സിനിമയിലൂടെയായിരുന്നു. ബന്ധനം, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി തുടങ്ങിയ ചിത്രങ്ങളും എം.ടി. സംവിധാനം ചെയ്തു. മോഹിനിയാട്ടം, തകഴി എന്നീ ഡോക്യുമെന്ററികളും എം.ടി. സംവിധാനം ചെയ്തവയാണ്.
മലയാള സിനിമയില്‍ തുല്ല്യതയില്ലാത്ത തിരക്കഥകള്‍ കാഴ്ചവെച്ചത് എം.ടി. വാസുദേവന്‍ നായര്‍ തന്നെയാണ്. സിനിമയില്‍ തിരക്കഥയ്ക്കുള്ള ശക്തിയും സ്വാധീനവും എം.ടിയോളം മലയാളിയെ ബോധ്യപ്പെടുത്തിയ മറ്റൊരു എഴുത്തുകാരന്‍ വേറെയില്ല. ഇന്നും മലയാളത്തിലെ ഏതൊരു സിനിമക്കാരന്റെയും ഏറ്റവും വലിയ ആഗ്രഹമാണ് എം.ടിയുടെ തിരക്കഥയില്‍ ഒരു സിനിമ എന്നത്. ഇന്നും എം.ടിയുടെ വീട്ടുപടിക്കല്‍ എത്രവേണമെങ്കിലും കാത്തിരിക്കാന്‍ അവര്‍ തയാറുമാണ്. സിനിമയ്ക്ക് എം.ടി നല്‍കിയ സംഭാവനകള്‍ക്കുള്ള  അംഗീകാരമായി മികച്ച തിരക്കഥയ്ക്ക് നാല്തവണ ദേശീയപുരസ്കാരവു രണ്ട് തവണ സംസ്ഥാന പുരസ്കാരവും  തേടിയെത്തി.
ഓളവും തീരവും, നഗരമേ നന്ദി, പകല്‍ക്കിനാവ്,  മുറപ്പെണ്ണ്,  അസുരവിത്ത്,  കുട്ട്യടേത്തി, ഇരുട്ടിന്റെ ആത്മാവ്,  ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, നീലത്താമര, എവിടെയോ ഒരു ശത്രു, വെള്ളം, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അമൃതം ഗമയ, ആരൂഢം, അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം,  അടിയൊഴുക്കുകള്‍, ഉയരങ്ങളില്‍, ഋതുഭേദം, വൈശാലി, ഇടനിലങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, താഴ്വാരം, മിഥ്യ, സുകൃതം, പരിണയം,  സദയം,  എന്ന് സ്വന്തം ജാനകിക്കുട്ടി, തീര്‍ത്ഥാടനം,പഴശ്ശിരാജ തുടങ്ങി അമ്പതിലേറെ സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.
കോഴിക്കോട് കൊട്ടാരം റോഡിലെ 'സിതാര'യില്‍ എം.ടി. ഇപ്പോഴും തിരക്കിലാണ്.  'രണ്ടാമൂഴം' സിനിമയാക്കാനുള്ള തിരക്കഥയുടെ തയാറെടുപ്പുകളമായി എം.ടി 78ാം വയസ്സിലും ഊര്‍ജ്വസ്വലനാണ്(.കടപ്പാട് -മാധ്യമം)

No comments:

Post a Comment