Thursday 17 November 2011

ഉറക്കം കെടുത്തുന്ന കാറ്റ്



image

ഋതുഭേദങ്ങളുടെ ആവര്‍ത്തനങ്ങളുമായി കാലചക്രം അതിന്‍െറ തേരോട്ടം നടത്തുകയാണ്.  പല ഏടുകളിലായി ചിതറിക്കിടക്കുന്ന ഓര്‍മകള്‍ പെറുക്കിക്കൂട്ടാന്‍ തുടങ്ങിയിരിക്കുന്നു. അദൃശ്യമായതെന്തോ എന്നും എന്നെ പിന്തുടരുന്നതു പോലെ.  കുളിരായി വീശിയ ഇളംതെന്നല്‍, വന്യരൂപംപൂണ്ട് ഒരു നഗരത്തെത്തന്നെ വിഴുങ്ങാനുള്ള ആവേശത്തോടെ വാ പിളര്‍ന്നുവരുന്നുണ്ടോ?
അമേരിക്ക! കേട്ടറിഞ്ഞ,  ഭൂമിയിലെ സ്വര്‍ഗം!  ഈ സമ്പന്നതയുടെ മടിത്തട്ടില്‍  ഏവര്‍ക്കും  യഥേഷ്ടം വിഹരിക്കാം!  ഭൗതിക സുഖങ്ങളെല്ലാം  കൈയെത്താവുന്ന അകലത്തില്‍.  ഈ സ്വപ്ന സുന്ദരമായ പറുദീസയില്‍ ഒരു ദിവസമെങ്കിലും പാര്‍ക്കാന്‍  കഴിഞ്ഞെങ്കില്‍... ആരും ആഗ്രഹിച്ചുപോകും.  ഇവിടെ എത്തുന്നതുവരെ എന്‍െറ മനസ്സിലും ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നു.  ഒരുകാര്യത്തില്‍ സംശയമേ ഇല്ല.  എല്ലാ അര്‍ഥത്തിലും ഇത് അദ്ഭുതങ്ങളുടെ നാട് തന്നെയാണ്.  വര്‍ണനകള്‍ക്ക് അതീതമാണ് ഇവിടത്തെ പ്രകൃതി!   ജനങ്ങള്‍! ജീവിതരീതികള്‍! വീടുകള്‍! മന്ദിരങ്ങള്‍! എല്ലാം...എല്ലാം ... അദ്ഭുതം!
ഈ സന്തോഷങ്ങള്‍ക്കിടയില്‍,  ഭൗതികസുഖങ്ങള്‍ക്കിടയില്‍ പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ ഒരു ശാപംപോലെ ഈ നാടിനെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു.  എല്ലാ ആഹ്ളാദങ്ങള്‍ക്കിടയിലും ഒരു ഭയപ്പാടുപതിയിരിക്കുന്നു.   എപ്പോള്‍ വേണമെങ്കിലും രൗദ്രഭാവം പൂണ്ടു പത്തിവിടര്‍ത്തി ആഞ്ഞുകൊത്താവുന്ന ഒരു നാഗരാജനെപ്പോലെ അതു പതുങ്ങിക്കിടക്കുന്നു.
2011 ആഗസ്റ്റ് 26 പുലരുന്നത് ഐറിന്‍ ഭീഷണിയുമായി.  സ്കൂളില്‍ എത്തിയപ്പോള്‍ മുതല്‍ കേള്‍ക്കുന്നത് ഐറിനെക്കുറിച്ച് മാത്രം! ഹ... എന്താണ് ഇത്രക്കു പറയാന്‍?  ഇത് വെറുമൊരു തീര ദേശ കാറ്റ്... അതിനെ ഇത്രയും പേടിക്കാനുണ്ടോ?  ഇന്‍റര്‍കോം ശബ്ദിച്ചുകൊണ്ടേയിരുന്നു.  കൊടുങ്കാറ്റായി ആഞ്ഞടിക്കാവുന്ന ഐറിനെ എങ്ങനെ  നേരിടാം? എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം തുടങ്ങിയ അറിയിപ്പുകള്‍.
നമ്മുടെ നാട്ടില്‍ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന  അറിയിപ്പുകള്‍ സുപരിചിതമായ എനിക്ക് ഇവിടെ  വളരെ കൃത്യതയോടെയുള്ള  കാലാവസ്ഥ പ്രവചനം എന്നും അദ്ഭുതമായിരുന്നു.   ഐറിനെക്കുറിച്ചുള്ള സൂചനകളില്‍നിന്നും മനസ്സിലായി ഈ വരുന്നവള്‍ നിസ്സാരക്കാരിയല്ളെന്ന്.   എന്തൊക്കെ മുന്‍കരുതലുകളാണ് കൈക്കൊണ്ടിരിക്കുന്നത്.   തീരദേശ പ്രദേശങ്ങളില്‍നിന്ന്  ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, ഐറിന്‍ എത്തിപ്പെടാന്‍ ഇടയുള്ള സ്ഥലങ്ങളിലൊക്കെ വേണ്ടുന്ന കരുതലുകള്‍, അറിയിപ്പുകള്‍!  നോര്‍ത് കരോലൈനക്കുള്ള ഐറിന്‍െറ യാത്ര  സൗത് കരോലൈനയില്‍ കൂടി ആയിരിക്കാം, അതിന്‍െറ നേരിയ ചലനങ്ങള്‍ ഇവിടെയും അനുഭവപ്പെട്ടേക്കാം  എന്ന അറിയിപ്പു വന്നതോടെ, എന്‍െറ മനസ്സിന്‍െറ അടിത്തട്ടില്‍ നിന്ന്  ഭയത്തിന്‍െറ അലകള്‍ ഉയര്‍ന്നു പൊങ്ങുന്നത് ഞാനറിഞ്ഞു. ഒന്നും സംഭവിക്കാത്തതു പോലെ അപ്പോഴും പുറത്തു ചിരിച്ചു നില്‍ക്കുകയാണ് സൂര്യന്‍.
വൈകുന്നേരമായതോടെ പ്രകൃതി ആകെമാറി, മൂന്നുമണി ആയപ്പോഴേക്കും വല്ലാതെ ഇരുള്‍വീണിരിക്കുന്നു... ഈ മാസങ്ങളില്‍  രാത്രി എട്ടരയെങ്കിലും ആകണം ഇരുട്ടുവീണു തുടങ്ങാന്‍.  കറുത്തിരുണ്ട മേഘ ത്തുണ്ടുകള്‍ എന്തിനോവേണ്ടി ആകാശ മുറ്റത്തിലൂടെ ഓടിനടക്കുന്നു. പുറത്തേക്കിറങ്ങിയ ഞാന്‍ ശരിക്കും ഭയന്നു പോയി.  എന്തൊരു കാറ്റാണ്... എന്‍െറ ഭാരം കുറയുന്നതു പോലെ... ഒരു തൂവല്‍പോലെ ഈ കാറ്റിലൂടെ ഞാനും ഒഴുകിപ്പോകുമോ? കാറ്റ് എന്നിലേക്ക് ആഞ്ഞടിക്കുകയാണ്. കാറിനുള്ളില്‍ കയറിക്കഴിഞ്ഞപ്പോള്‍ തെല്ളൊന്നു ആശ്വസിച്ചു...  പക്ഷേ, അത് അധികം നീണ്ടുനിന്നില്ല.  കറുത്തിരുണ്ട മേഘങ്ങള്‍ ശക്തിയായി പെയ്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഒരു മിന്നല്‍പ്പിണര്‍ എന്‍െറ നെഞ്ചിലൂടെ കടന്നുപോയി.   പലപ്പോഴും  കാര്‍ എന്‍െറ നിയന്ത്രണത്തില്‍ അല്ളെന്ന് തോന്നി.  മുന്നിലെ വഴി കാണാനേയില്ല.  കാറ്റ് ആഞ്ഞുവീശുകയാണ്. കണ്ണടച്ച്  കാറോടിച്ചു പോകുന്ന ഒരവസ്ഥ.
 എല്ലാ വികാരങ്ങളും അതിന്‍െറ ഏറ്റവും തീവ്രമായ ഭാവത്തോടു കൂടി സംജാതമാകുന്നു എന്നത് ഈ നാടിന്‍റ മാത്രം പ്രത്യേകതയാണെന്ന്  ഒരു കൗതുകത്തോടെ ഞാനെപ്പോഴും ഓര്‍ക്കാറുണ്ട്.   പ്രകൃതിയും അതില്‍നിന്നു വ്യത്യസ്തമല്ല.   എത്ര പെട്ടെന്നാണ് അവളുടെ ഭാവംമാറിയത്.  അവള്‍ വല്ലാതെ കോപിച്ചിരിക്കുന്നു.  പത്തുമിനിറ്റ് മാത്രം ദൂരമുള്ള വീട്ടിലേക്ക് എത്തിച്ചേരാന്‍ മുപ്പതു മിനിറ്റോളം വേണ്ടിവന്നു. വീട്ടിലെത്തിയപ്പോള്‍   കാറ്റിലും മഴയിലുംപെട്ട ഒരു തോണി ഏതോ തുരുത്തില്‍ എത്തിപ്പെട്ടതുപോലെ തോന്നി എനിക്ക്.  വീടും ആകെ ഇരുളടഞ്ഞു കിടക്കുന്നു.     വൈദ്യുതിപോയിരിക്കുന്നു. ഹ, വൈദ്യുതിയില്ലാതെ  ഇവിടെ ഒരുനിമിഷം കഴിയുക ആലോചിക്കാന്‍ പോലും വയ്യ!   എ.സി മാത്രമായിരുന്നു വീടിനുള്ളിലെ വായുസഞ്ചാരത്തിന്‍െറ ഏക ആശ്രയം.  ആകെക്കൂടി ശ്വാസംമുട്ടുന്ന ഒരവസ്ഥ.   ഒരു ഗ്ളാസ് ചായ പോലും ഉണ്ടാക്കാന്‍ പറ്റില്ലല്ളോ, എന്തെങ്കിലും വെച്ചുണ്ടാക്കണമെങ്കില്‍  കറന്‍റ് കൂടിയേ തീരൂ.  ഈ നാട്ടിലെ ജീവിതം എത്രമാത്രം ഇലക്ട്രിക്സിറ്റിയെ ആശ്രയിച്ചിരിക്കുന്നു. ഹ... ഇടക്കിടെയുള്ള നാട്ടിലെ  പവര്‍കട്ടിന്‍െറ കാലം അറിയാതെ ഓര്‍ത്തുപോയി. ലോകത്തിന്‍െറ മുഴുവന്‍ നിസ്സഹായതകളും എന്നിലേക്ക് വന്നതുപോലെ ... ഒന്നും ചെയ്യാനാവാതെ... അപ്പോഴും തകര്‍ത്ത് പെയ്യുന്ന മഴയും കാറ്റും തങ്ങളുടെ ശൗര്യം കാട്ടുന്നതില്‍ മത്സരിച്ചുകൊണ്ടിരുന്നു.
കൂട്ടുകാരിയുടെ ഫോണ്‍ വന്നപ്പോള്‍ എന്താണെന്നറിയില്ല വല്ലാത്ത ഒരാശ്വാസം തോന്നി... പുറംലോകവുമായി ബന്ധിക്കപ്പെട്ടതിന്‍െറ ഒരു കൊച്ചു സന്തോഷം!
‘ഹ... ഈ ഐറിന്‍ ചില്ലറക്കാരിയല്ലല്ളോ’
‘കത്രീനയെയും റീത്തയെയും പോലെ അത്രക്ക് ഭയങ്കരിയൊന്നും അല്ല ഈ ഐറിന്‍’  അവളുടെ മറുപടി എന്നെ അദ്ഭുതപ്പെടുത്തിയില്ല. അതു സത്യമായിരുന്നു.
2005 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ അമേരിക്കയെ  തന്നെ ഇളക്കിമറിച്ച കത്രീനയും റീത്തയും.
അന്ന് ഞാന്‍  ഇന്ത്യയിലായിരുന്നു. ഒരു തമാശയോടെ കേട്ടിരുന്ന, പറഞ്ഞിരുന്ന പേരുകളായിരുന്നു കത്രീനയും റീത്തയുമൊക്കെ. അമേരിക്കയിലുണ്ടായ  കൊടുങ്കാറ്റിന് ഒരു പത്ര വാര്‍ത്തയില്‍ കൂടുതല്‍ പ്രാധാന്യമൊന്നും അന്ന്  എനിക്ക് ഉണ്ടായിരുന്നില്ല.  പക്ഷേ, ഇവിടെയെത്തി അവര്‍ താണ്ടവമാടി മടങ്ങിപ്പോയി ഭൂമി നേരിട്ട് കണ്ടപ്പോഴാണ് അതിന്‍െറ ആഘാതം എത്രത്തോളം വലുതാണെന്ന് തിരിച്ചറിയുന്നത്.
2005  ആഗസ്റ്റിലെ കത്രീനയുടെ വരവ്, അവള്‍ കൂട്ടിക്കൊണ്ട് പോയത് ലൂസിയാന എന്ന ഒരു  നഗരത്തെ തന്നെയായിരുന്നു.  വളരെയധികം മുന്‍കരുതലുകള്‍  എടുത്തിരുന്നെങ്കിലും  അമേരിക്കന്‍ സര്‍ക്കാറിനെയൊക്കെ വിഡ്ഢികളാക്കി,  മണിക്കൂറില്‍ 140  കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റായി  മാറിയ കത്രീന  ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്ന ഷെള്‍ട്ടര്‍ ഹൗസിന്‍െറ മേല്‍ക്കൂരയും തട്ടിത്തെറിപ്പിച്ച് ആയിരക്കണക്കിന് ജങ്ങളെയും അപഹരിച്ചു അവള്‍ കടന്നുപോയി....  രക്ഷാപ്രവര്‍ത്തനങ്ങളൊക്കെ ദ്രുതഗതിയില്‍ നടത്തിയെങ്കിലും ആ നാടിനെ രക്ഷിക്കാനായില്ല.  അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം വരുത്തിയ ദുരന്തമായിരുന്നു കത്രീനയുടെ കടന്നാക്രമണം.  അവളുടെ രുദ്രതാണ്ഡവം ആ നാടിനെത്തന്നെ കീഴ്മേല്‍ മറിച്ചു.  പൊലിഞ്ഞുപോയവരുടെ ശേഷിപ്പുകള്‍ ബാക്കിവെച്ചുപോയ ബന്ധങ്ങള്‍,  അനാഥത്വത്തിന്‍െറ മുറവിളികള്‍, ദാരിദ്ര്യത്തിന്‍െറ, പട്ടിണിയുടെ  രുചിയറിഞ്ഞ നാളുകള്‍.  ജനിച്ചു വളര്‍ന്ന മണ്ണ് ഉപേക്ഷിച്ചു പോകേണ്ടിവന്നവരുടെ കണ്ണുനീര്‍. അവശേഷിച്ചിരുന്നവരില്‍ പടര്‍ന്നുപിടിച്ച പകര്‍ച്ചവ്യാധികള്‍,   ദുരിതങ്ങളുടെ ഘോഷയാത്രക്കൊടുവില്‍ അവശേഷിക്കപ്പെട്ട മണ്ണില്‍ ആ നഗരത്തിന്‍െറ പുനര്‍നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടക്കുന്നുണ്ടെങ്കിലും    ഇന്നും ആ നഗരം. ആ ദുരിത ഫലങ്ങളുടെ  പിടിയില്‍നിന്ന് പൂര്‍ണമായി മോചിതയായിട്ടില്ല എന്നതാണ് സത്യം.
തൊട്ടടുത്ത മാസത്തില്‍ ആഞ്ഞു  വീശിയ റീത്തയും  കൂടി ആയപ്പോള്‍  അമേരിക്ക വല്ലാതെ പതറിപ്പോയോ?  മിസിസിപ്പിയുടെ തീരദേശങ്ങളില്‍  നാശം വിതച്ചാണ് റീത്ത തന്‍െറ സാന്നിധ്യം തെളിയിച്ചത്. കൂടാതെ ഫ്ളോറിഡ, ടെക്സസ് തുടങ്ങിയിടങ്ങളില്‍ ദുരന്തങ്ങള്‍  നല്‍കിക്കൊണ്ടവള്‍ കടന്നുപോയി.  അമേരിക്കയുടെ ചരിത്രത്തിന്‍െറ ഏടുകളില്‍ റീത്തയും കത്രിനയുമൊക്കെ പേടിപ്പെടുത്തുന്ന ഓര്‍മയായി അവശേഷിച്ചിരിക്കുന്നു.
ഐറിന്‍ തന്‍െറ യാത്രക്കിടയില്‍ ചെറുതായൊന്ന് എത്തിനോക്കിയതിന്‍െറ ഭയം എന്നില്‍നിന്ന് ഇനിയും പോയിട്ടില്ല. ഉറങ്ങാനാവാതെ  കാറ്റിന്‍െറ ഇരമ്പല്‍ മാത്രം ചെവികളില്‍ മുഴങ്ങിയിരുന്ന ആ രാത്രിയും മറക്കാനാവുന്നില്ല.  ഇത്രയും ചെറിയ ഒരു തീരദേശക്കാറ്റ് എന്നില്‍ ഭയത്തിന്‍െറ  കാടുതന്നെ സൃഷ്ടിച്ചെങ്കില്‍ അവളുടെ കരസ്പര്‍ശമേറ്റ നഗരങ്ങളില്‍ എന്തായിരിക്കും സ്ഥിതി!  ഇവിടത്തെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഒരു പരിധിവരെ നാശനഷ്ടങ്ങള്‍ കുറക്കാന്‍ സഹായിച്ചുവെന്നതില്‍ സംശയമേ ഇല്ല.  കുറെയധികം നാശനഷ്ടങ്ങള്‍ വരുത്തി അവളും ചരിത്രത്തിലേക്ക് നടന്നുപോയി. രണ്ടു ദിവസങ്ങള്‍ ഭയത്തിന്‍െറ അകമ്പടിയോടെ കടന്നുപോകുമ്പോള്‍ എന്‍െറ നാട്ടുകാരോടും ആ നാടിനോടും  അസൂയ തോന്നുകയായിരുന്നു എനിക്ക്...!
 

റീത്ത
കത്രീനക്ക് ശേഷം 2005 സെപ്റ്റംബറില്‍ വന്ന റീത്തയും ചില്ലറക്കാരിയായിരുന്നില്ല.മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ റീത്ത വരുത്തിവെച്ച നാശനഷ്ടങ്ങള്‍ ഏകദേശം  $11.3ബില്യന് അടുത്ത് വരും.ലൂസിയാനയിലൂടെയും ടെക്സസിലൂടെയും കടന്നുപോയ ചുഴലിക്കാറ്റ് നിരവധി വീടുകളെയും കൃഷിയിടങ്ങളേയും തകര്‍ത്തു.ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ടെക്സസില്‍ മാത്രം ഏഴു പേര്‍ മരിച്ചു.

കത്രീന
2005ല്‍ അമേരിക്കന്‍ തീരത്ത് ആഞ്ഞടിച്ച ശക്തിയേറിയ ചുഴലിക്കാറ്റാണ് കത്രീന. കൂടാതെ ചരിത്രത്തിലെ ഏറ്റവും വിനാശകാരികളായ അഞ്ച് ചുഴലിക്കാറ്റുകളില്‍ ഒന്നും. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കത്രീന വരുത്തി വച്ച നാശ നഷ്ടങ്ങള്‍ ചില്ലറയല്ല.ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും 1,836 മനുഷ്യജീവനുകള്‍ പൊലിഞ്ഞു.
1928 ലെ ഒക്കീഖോബീ ചുഴലിക്കാറ്റിനു ശേഷം ഇത്രയേറെ കുഴപ്പം വരുത്തിവെച്ച പ്രകൃതി ദുരന്തം അമേരിക്കയില്‍ ഉണ്ടായിട്ടില്ല. $81 ബില്ല്യന്‍െറ നാശ നഷ്ടങ്ങള്‍ കണക്കാക്കുന്നു.

ഐറിന്‍
2011 ആഗസ്റ്റില്‍  കനത്ത മഴയുടെ അകമ്പടിയോടെയാണ് ഐറിന്‍ എത്തിയത്. കരീബിയന്‍ പ്രദേശത്തിലൂടെയും അമേരിക്കയിലൂടെയും കാനഡയിലൂടെയും കടന്നുപോയ ഐറിന്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവെച്ചു. കനത്ത മഴയെ തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. 56 മനുഷ്യജീവനപഹരിച്ച ഈ പ്രകൃതിദുരന്തം വരുത്തിയ നാശം ഏകദേശം 11 ബില്യനടുത്തായിരുന്നു.
 

No comments:

Post a Comment