Friday 4 November 2011

ലോക ജനസംഖ്യ 700 കോടി



  • ലോക ജനസംഖ്യ 700 കോടിയിലെത്തിച്ച കുഞ്ഞുപിറന്നത് കഴിഞ്ഞദിവസമാണ്. ഒക്ടോബര്‍ 31ന് ലഖ്നൗവില്‍ പിറന്ന നര്‍ഗീസാണ് ആ കണ്‍മണിയെന്ന് വാര്‍ത്തകള്‍ . എന്നാല്‍ ഫിലിപ്പീന്‍സില്‍ പിറന്ന ഡാനിക്കയാണ് 700 കോടിയിലെത്തിച്ച കുഞ്ഞെന്നും അവകാശവാദമുണ്ട്. പ്രതീകാത്മകമായാണെങ്കിലും ലോക ജനസംഖ്യ ഒക്ടോബര്‍ 31ന് 700 കോടി തികഞ്ഞെന്നാണ് ഔദ്യോഗിക വിലയിരുത്തല്‍ . ജനസംഖ്യാ കണക്കില്‍ ഒന്നോ രണ്ടോ ശതമാനം തെറ്റുവരാന്‍ സാധ്യതയുള്ളതിനാല്‍ ഒന്നുകില്‍ ആറുമാസത്തിനുമുമ്പ് 700 കോടി തികഞ്ഞിട്ടുണ്ടാകാം. അല്ലെങ്കില്‍ ആറുമാസം കഴിഞ്ഞാകാം. ഇതെല്ലാം കണക്കാക്കിയാണ് ഒക്ടോബര്‍ 31 പ്രതീകാത്മകമായി തെരഞ്ഞെടുത്തതെന്ന് യു എന്‍ ജനസംഖ്യാ കണക്കെടുപ്പ് വിഭാഗം മേധാവി ജെറാഡ് ഹെലിഗും വ്യക്തമാക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍സസ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ജനസംഖ്യ 2011 ഒക്ടോബര്‍ 25ന് 697 കോടിയിലെത്തിയിലെത്തിയത്രെ. 1350ലെ കൊടിയ ക്ഷാമത്തിന്റെയും പ്ലേഗിന്റെയും അന്ത്യത്തിനുശേഷം ജനസംഖ്യ തുടര്‍ച്ചയായി വര്‍ധിക്കുകയായിരുന്നു. അക്കാലത്ത് 37 കോടി മാത്രമായിരുന്നു ജനസംഖ്യ. 1950 മുതല്‍ "70 വരെ രണ്ടു ദശാബ്ദം ജനസംഖ്യാ വളര്‍ച്ച വര്‍ഷത്തില്‍ 1.8 ശതമാനമായിരുന്നു. 1963ല്‍ മാത്രം വര്‍ധന 2.2 ശതമാനത്തിലേക്കു കുതിച്ചു. ഇപ്പോഴത്തെ ക്രമത്തിലായാല്‍ 2050 ആകുമ്പോഴേക്കും ലോക ജനസംഖ്യ 920 കോടിയാവും. ലോകജനസംഖ്യ 100 കോടി തൊടുന്നത് 1805ല്‍ . 122 വര്‍ഷമെടുത്തു അത് ഇരുന്നൂറിലെത്താന്‍ . അതായത് 1927ല്‍ . മറ്റൊരു 100 കോടി കൂട്ടിച്ചേര്‍ക്കാന്‍ 33 വര്‍ഷമേ വേണ്ടിവന്നുള്ളു. 1974ല്‍ 400 കോടിയും "87ല്‍ അഞ്ഞൂറും 1999ല്‍ 600 കോടിയിലേക്കും കയറി. 100 കോടി ജനസംഖ്യയിലെത്തിയ ആദ്യ ഭൂഖണ്ഡം ഏഷ്യയാണ്. വന്‍കരയില്‍ ഈ വര ചൈന തൊട്ടതാകട്ടെ 1980ലും; ഇന്ത്യ 1999ലും. ഏറ്റവുമൊടുവിലെ ചൈനീസ് ജനസംഖ്യ 135 കോടിയാണ്. ആഫ്രിക്കയില്‍ ഇപ്പോള്‍ ഏറ്റവും മുന്നില്‍ നൈജീരിയ- 15.2 കോടി. യൂറോപ്പില്‍ റഷ്യ- 14.3 കോടി. വടക്കന്‍ അമേരിക്കയില്‍ യുഎസ്എയും തെക്ക് ബ്രസീലുമാണ്.

    ഏഷ്യയില്‍ 400 കോടി
    ലോകത്തിലെ 60 ശതമാനം അധിവസിക്കുന്ന ഏഷ്യന്‍ ജനസംഖ്യ 400 കോടിയാണ്. ചൈനയുടെയും ഇന്ത്യയുടെയും പങ്ക് ലോകജനസംഖ്യയില്‍ 37 ശതമാനവും. 100 കോടി മനുഷ്യരുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ശതമാനം 15 വരും. യൂറോപ്പിന്റെ സ്ഥാനമാകട്ടെ 73 കോടിയും 11 ശതമാനവുമെന്നതാണ്. കൃഷിയുടെ പ്രചാരം, കുത്തിവയ്പുകളുടെ കണ്ടുപിടിത്തം, കാര്‍ഷിക-വ്യാവസായിക വിപ്ലവങ്ങള്‍ തുടങ്ങിയവയെല്ലാം ജനസംഖ്യാവര്‍ധന ത്വരിതമാക്കിയ ഘടകങ്ങളാണ്. കൃഷി വരുംമുമ്പ് ലോകജനസംഖ്യ ഒരിക്കല്‍പ്പോലും ഒന്നരക്കോടി കവിഞ്ഞിരുന്നില്ലത്രെ! ജസ്റ്റിനിയന്‍ കാലഘട്ടത്തില്‍ പടര്‍ന്ന പ്ലേഗ് യൂറോപ്യന്‍ ജനസംഖ്യ പകുതി കുറച്ചു. കറുത്ത മരണമെന്നു വിളിക്കപ്പെട്ട 14-ാം നൂറ്റാണ്ടിലെ സാംക്രമികരോഗം പ്രതീക്ഷിത വളര്‍ച്ച തടഞ്ഞു. 1400ല്‍ 45 കോടിയിലെത്തേണ്ടത് "38ല്‍ സ്തംഭിച്ചുനില്‍ക്കുകയായിരുന്നു. പിന്നെ യൂറോപ്യന്‍ ജനസംഖ്യ 1340ന്റെ നിലവാരത്തിലെത്താന്‍ രണ്ടു നൂറ്റാണ്ടെടുത്തു. ഇതുപോലെ മംഗോള്‍ ആക്രമണവും പ്ലേഗും ചൈനയ്ക്കും വിനയായി. 1200 മുതല്‍ 1393 വരെയായിരുന്നു ഈ പ്രതിസന്ധി. യൂറോപ്യന്‍ അധിനിവേശക്കാരും തദ്ദേശീയ ജനങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളും മാരകരോഗങ്ങളും പലേടത്തും ജനസംഖ്യയില്‍ ഇടിവുണ്ടാക്കി. പ്ലേഗിനുപുറമെ വസൂരി, അഞ്ചാംപനി, ഫ്ളൂ തുടങ്ങിയവയാണ് കെടുതികള്‍ സൃഷ്ടിച്ചത്. കാര്‍ഷിക-വ്യാവസായിക വിപ്ലവങ്ങള്‍ കുട്ടികളുടെ മരണനിരക്ക് കുറച്ചത് ജനസംഖ്യാ പെരുപ്പത്തിനും ഇടയാക്കി. പാശ്ചാത്യരാജ്യങ്ങളില്‍ നിര്‍ബന്ധിതമാക്കപ്പെട്ട പ്രതിരോധ കുത്തിവയ്പുകളും ശുചിത്വ പ്രചാരണവും ഇതിനെ പിന്തുണയ്ക്കുകയുമായിരുന്നു. ബ്രിട്ടനില്‍ 19-ാം നൂറ്റാണ്ടില്‍ ഓരോ അരനൂറ്റാണ്ടിലും ജനസംഖ്യ ഇരട്ടിയായത് ഇതിന്റെയെല്ലാം ഫലവും. 1801ല്‍ അവിടെ 83 ലക്ഷമായിരുന്നത് 1901ല്‍ 3.05 കോടിയായി ഉയര്‍ന്നു. ജനസംഖ്യ കുറഞ്ഞ ഹിറ്റ്ലര്‍ കാലം അഡോള്‍ഫ് ഹിറ്റ്ലറുടെ ക്രൂരകാലവും രണ്ടാം ലോകയുദ്ധവും യൂറോപ്പിലെ ചിലേടങ്ങളില്‍ , പ്രത്യേകിച്ച് ജര്‍മനിയില്‍ പ്രധാന നഗരങ്ങളില്‍പ്പോലും ജനസംഖ്യ ഭയാനകമായ നിലയിലാണ് കുറച്ചത്. 1943-44 കാലം ഓഫന്‍ബാഹിന്റെ 80 ശതമാനത്തിലധികം നക്കിത്തുടച്ചെടുത്തിരുന്നു. അപ്പോള്‍ ആള്‍നാശത്തിന്റെ കണക്ക് ഊഹിക്കാവുന്നതേയുള്ളു. ഫ്രാങ്ക്ഫര്‍ട്ടിനും ബര്‍ലിനും മറ്റും ഇതോപോലെ ആഴത്തില്‍ മുറിവേറ്റു. 1933ല്‍ ബര്‍ലിനിലെ ജൂതജനസംഖ്യ 1,70,000 ആയിരുന്നത് 12 വര്‍ഷംകൊണ്ട് അയ്യായിരമായാണ് കുറഞ്ഞത്. തുടര്‍ന്ന് പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ജര്‍മനിയില്‍ സംഘടിത പ്രചാരണമുണ്ടായി. മറ്റു കാരണങ്ങള്‍കൊണ്ട് ലോകത്തെ ചില പ്രദേശങ്ങളില്‍ ഇപ്പോഴും ജനസംഖ്യ കുറയുന്ന പ്രവണതയുണ്ട്.

    മധ്യ-കിഴക്കന്‍ യൂറോപ്പിലാണ് ഇത് ഏറെ പ്രകടം. ജപ്പാനും ഈ വഴിയില്‍തന്നെ. ജനനനിരക്കിലെ വീഴ്ചതന്നെ പ്രധാന കാരണം. എന്നാല്‍ ലാറ്റിനമേരിക്കയിലും മധ്യപൂര്‍വദേശത്തും സബ് സഹാറന്‍ ആഫ്രിക്കയിലും ജനസംഖ്യാ വളര്‍ച്ച ഏറെ പ്രകടമാണ്. 1700നും 2000നും ഇടയിലെ മൂന്നു നൂറ്റാണ്ടിനിടെ ലോക ജനസംഖ്യ പത്തിരട്ടിയാണ് ഏറിയത്. രണ്ടായിരത്തില്‍ ഒരുദിവസം പുതുതായി ഭൂമുഖംകാണുന്ന മനുഷ്യര്‍ 2,03,800 ആയിരുന്നു. 2007ല്‍ 2,11,090 ഉം 2009ല്‍ 2,20,980 ഉം ആയി. 2050നുശേഷം കാര്യമായ വര്‍ധനയുണ്ടാവില്ലെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രവചനം. ഏറ്റവും ജനസാന്ദ്രതയുള്ള 10 രാജ്യങ്ങളുടെ പട്ടികയും ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ സിംഗപ്പൂരാണ് ആദ്യം. അവസാനത്തേത് ഇസ്രയേലും. ബംഗ്ലാദേശ്, മൗറീഷ്യസ്, പലസ്തീന്‍ , ചൈന, ദക്ഷിണകൊറിയ, ലബനണ്‍ , നെതര്‍ലന്‍ഡ്, റുവാണ്ട തുടങ്ങിയവയാണ് ഇടയില്‍ . 707.1 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സിംഗപ്പൂരില്‍ 51,83,700 ജനങ്ങളുണ്ട്. ഒരു ചതുരശ്ര കിലോമീറ്ററില്‍ 7331 പേര്‍ എന്ന കണക്കില്‍ . ബംഗ്ലാദേശില്‍ ഇത് 1069 ആണ്. അവിടെ 1,47,570 ചതുരശ്ര കിലോമീറ്റില്‍ 142325250 ജനങ്ങള്‍ . മാല്‍ത്തൂസിന്റെ സിദ്ധാന്തം ജനസംഖ്യാ പെരുപ്പത്തെക്കുറിച്ച് ചില സിദ്ധാന്തങ്ങളും രൂപപ്പെട്ടിരുന്നു. അതില്‍ ഏറ്റവും പ്രധാനം തോമസ് മാല്‍ത്തൂസിന്റേതാണ്. ഭക്ഷ്യലഭ്യതയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കാഴ്ചപ്പാട് 1798ലാണ് പുറത്തുവന്നത്.

    1968ല്‍ പോള്‍ ആര്‍ എര്‍ലിച്ച് സമാനമായ ചില നിഗമനങ്ങള്‍ വിളിച്ചുപറയുകയുമുണ്ടായി. "ദി പോപ്പുലേഷന്‍ ബോംബ്" എന്ന അദ്ദേഹത്തിന്റെ കൃതി 1970കളിലും "80കളിലും ക്ഷാമം പ്രവചിക്കുകയും ചെയ്തു. എര്‍ലിച്ചിന്റെയും പിന്നീടു വന്ന പുത്തന്‍ മാല്‍ത്തൂസിയന്മാരുടെയും കാഴ്ചപ്പാടുകള്‍ക്കെതിരെ പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞര്‍ രംഗത്തുവന്നത് മറ്റൊരു അനുബന്ധം. ജൂലിന്‍ ലിങ്കണ്‍ സൈമണെപ്പോലുള്ളവരായിരുന്നു ഇതില്‍ പ്രധാനികള്‍ . 1954 മുതല്‍ മൂന്നുപതിറ്റാണ്ട് ഹരിതവിപ്ലവം ഭക്ഷ്യധാന്യോല്‍പ്പാദനം 250 ശതമാനം കൂട്ടിയെന്ന യാഥാര്‍ഥ്യമാണ് പലരും അടിവരയിട്ടത്. ഗണിതശാസ്ത്ര സമവാക്യങ്ങളിലൂടെ ജനസംഖ്യാ വളര്‍ച്ച പഠിക്കാന്‍ ശ്രമിച്ച രണ്ടു പ്രതിഭകളെയും ഓര്‍ക്കേണ്ടതുണ്ട്. ഹോര്‍ണറുടെ പേരാണ് അതില്‍ ശ്രദ്ധേയം. 1975 ലായിരുന്നു അദ്ദേഹത്തിന്റെ സൂത്രവാക്യം. കാപിറ്റ്സയാകട്ടെ, 67,000 ബിസിക്കും 1965നു മിടയിലെ ജനസംഖ്യാവര്‍ധന കണക്കുകൂട്ടാന്‍ ഫോര്‍മുല രൂപപ്പെടുത്തുകയുണ്ടായി. 1997 ലായിരുന്നു അത് ലോകത്തെ അറിയിച്ചത്. ഭൂമുഖത്ത് ഇതുവരെ ജീവിച്ച മനുഷ്യരുടെ എണ്ണം മുന്‍നിര്‍ത്തി കാള്‍ ഹോബ് കൗതുകകരമായ കണക്കും പറഞ്ഞുവച്ചിട്ടുണ്ട്. 2002 കണക്കുപ്രകാരം അത് 10,600 കോടിയായിരുന്നു. ഓരോ കാലത്തെയും ജനസംഖ്യയും വര്‍ധനവിന്റെ തോതും ചേര്‍ത്തുവച്ചായിരുന്നു ആ നിഗമനം. ഈജിപ്തിലെ കണക്കെടുപ്പ് ശാസ്ത്രീയമായ ജനസംഖ്യാ കണക്കെടുപ്പിന് മൂന്നുനൂറ്റാണ്ടില്‍ കുറഞ്ഞ പഴക്കമേയുള്ളു. പുരാതന ഈജിപ്തിലും പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തിലും നികുതിയൊടുക്കലിനും സൈനികസേവനത്തിനുംവേണ്ടി മനുഷ്യരുടെ കണക്കെടുത്തിരുന്നു. ജനസംഖ്യാ നിര്‍ണയവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയ്ക്ക് ചില അനുബന്ധ സ്ഥാപനങ്ങളുണ്ട്. കമീഷന്‍ ഓണ്‍ പോപ്പുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്, ദി യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഡിവിഷന്‍ , ദി യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് എന്നിവ ഉദാഹരണങ്ങള്‍ . യുഎന്‍ ജൂലൈ 11ന് ലോക ജനസംഖ്യാ ദിനമായും ആചരിക്കുന്നു.
[ദേശാഭിമാനി -  അനില്‍കുമാര്‍ എ വി]

No comments:

Post a Comment