Friday 4 November 2011

നൊബേല്‍ സമ്മാനം



image

നൊബേല്‍ സമ്മാനത്തിന്‍െറ പിറവി
സ്വീഡനിലെ അതിസമ്പന്ന വ്യവസായിയായിരുന്നു ആല്‍ഫ്രഡ് ബെര്‍ണാഡ് നൊബേല്‍. ഡൈനാമിറ്റ് എന്ന പ്രത്യേക സ്ഫോടകവസ്തു കണ്ടുപിടിച്ചതിലൂടെ നൊബേല്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന കാലം. ഒരുദിവസം രാവിലെ പത്രം തുറന്ന അദ്ദേഹം ഒരു വാര്‍ത്ത കണ്ട് ഞെട്ടിപ്പോയി. അതിങ്ങനെയായിരുന്നു:
‘മരണത്തിന്‍െറ മൊത്തവ്യാപാരി അന്തരിച്ചു.’ ആ വാര്‍ത്ത ഡൈനാമിറ്റ് കണ്ടെത്തിയ തന്നെക്കുറിച്ചാണെന്ന് നൊബേലിനു മനസ്സിലായി. ആല്‍ഫ്രഡ് നൊബേല്‍ മരിച്ചു എന്ന് എങ്ങനെയോ തെറ്റിദ്ധരിച്ച പത്രം വാര്‍ത്തകൊടുക്കുകയായിരുന്നു. നൊബേല്‍ കണ്ടെത്തിയ ഡൈനാമിറ്റ് സ്ഫോടനങ്ങള്‍ക്കുപയോഗിച്ചു തുടങ്ങിയ കാലമായിരുന്നു അത്. അതാണ് പത്രം അങ്ങനെയൊരു തലക്കെട്ട് കൊടുത്തത്. എന്തായാലും ആ വാര്‍ത്ത വായിച്ച നൊബേലിന് ഒരു കാര്യം മനസ്സിലായി. തന്‍െറ കണ്ടുപിടിത്തം ലോക സമാധാനത്തിന് ഭീഷണിയായിരിക്കുന്നു. അത് തനിക്ക് ദുഷ്കീര്‍ത്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. നൊബേല്‍ ഒരു തീരുമാനമെടുത്തു. തന്‍െറ സമ്പാദ്യം ലോക സമാധാനത്തിനായി ഉപയോഗിക്കുക. അങ്ങനെയാണ് തന്‍െറ സമ്പത്തിന്‍െറ 94 ശതമാനവും അദ്ദേഹം ഇതിനായി മാറ്റിവെച്ചത്. അങ്ങനെ നൊബേല്‍ സമ്മാനം പിറന്നു.

വൈകിവന്ന നൊബേല്‍
വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം ഇത്തവണ പ്രഖ്യാപിച്ചപ്പോള്‍ അത് വൈകി വന്ന വസന്തം പോലെയായി. സമ്മാന ജേതാക്കളില്‍ ഒരാളായ റാല്‍ഫ് സ്റ്റെയിന്‍ മാന്‍ സമ്മാനം പ്രഖ്യാപിക്കുന്നതിന് മൂന്നു ദിവസം മുമ്പ് മരിച്ചു. നാലുവര്‍ഷം മുമ്പ് അര്‍ബുദം പിടിപെട്ട ഇദ്ദേഹം മരിച്ചതറിയാതെ നൊബേല്‍ സമ്മാന സമിതി അവാര്‍ഡ് പ്രഖ്യാപിക്കുകയായിരുന്നു.
ശരീരത്തിന്‍െറ രോഗപ്രതിരോധ സംവിധാനത്തിന്‍െറ പ്രവര്‍ത്തനം വിശദീകരിച്ചതിനാണ് ഇത്തവണ നൊബേല്‍ സമ്മാനം നല്‍കിയത്. റാല്‍ഫ് സ്റ്റെയിന്‍മാനു പുറമെ അമേരിക്കക്കാരനായ ബ്രൂസ് ബ്യൂട്ട്ലര്‍, ജുല്‍സ് ഹോഫ്മാന്‍ (ലക്സംബര്‍ഗ്) എന്നിവര്‍ കൂടി ഈ അവാര്‍ഡിനര്‍ഹരാണ്. മൊത്തം സമ്മാനത്തുകയായ ഏഴരക്കോടിയോളം രൂപയില്‍ പകുതി സ്റ്റെയിന്‍മാനായിരുന്നു ലഭിക്കേണ്ടിയിരുന്നത്.
മരണമടഞ്ഞവര്‍ക്ക് സാധാരണ നൊബേല്‍ സമ്മാനം കൊടുക്കാറില്ല. എന്നാല്‍, സ്റ്റെയ്ന്‍മാനെ അവാര്‍ഡില്‍ നിന്ന് ഒഴിവാക്കേണ്ടെന്നാണ് അവാര്‍ഡു സമിതി തീരുമാനിച്ചിരിക്കുന്നത്.
മനുഷ്യ ശരീരത്തിന്‍െറ പ്രതിരോധ രഹസ്യങ്ങള്‍ കണ്ടെടുക്കുകവഴി ചികിത്സാ രംഗത്ത് വന്‍ വഴിത്തിരിവുകളാണ് ഈ സംഘം സൃഷ്ടിച്ചത്. രോഗാണുവിന്‍െറ ആക്രമണം ഉണ്ടാകുമ്പോള്‍ പ്രതിരോധ സംവിധാനത്തിന്‍െറ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചാണ് ബ്യൂട്ട്ലറും ഹോഫ്മാനും ഗവേഷണം നടത്തിയത്. പ്രതിരോധത്തിന്‍െറ തുടര്‍ന്നുള്ള ഘട്ടങ്ങളിലേക്കു വെളിച്ചമേകുന്ന കോശങ്ങള്‍ കണ്ടെത്തിയതാണ് സ്റ്റെയിന്‍മാന്‍െറ സംഭാവന. നാലുവര്‍ഷം മുമ്പ് അര്‍ബുദം ബാധിച്ച സ്റ്റെയിന്‍മാന്‍ ഈ കോശങ്ങളെ കേന്ദ്രീകരിച്ചുള്ള ചികിത്സയിലൂടെയാണ് സ്വന്തം രോഗത്തോട് പൊരുതി നിന്നത്. അണുബാധ, അര്‍ബുദം, കഠിന വേദന തുടങ്ങിയവയുടെ പ്രതിരോധ മരുന്നുകള്‍ കണ്ടെത്താന്‍ ഇവരുടെ ഗവേഷണത്തിന് കഴിഞ്ഞു.
1943ല്‍ കനഡയില്‍ ജനിച്ച സ്റ്റെയിന്‍മാന്‍ 25ാം വയസ്സില്‍ ന്യൂയോര്‍ക്കിലെ സര്‍വകലാശാലയില്‍ ചേര്‍ന്നു. പിന്നീട് ഇവിടെത്തന്നെ പ്രഫസറും രോഗപ്രതിരോധ ഗവേഷണ കേന്ദ്രത്തിന്‍െറ ഡയറക്ടറുമായി. ഷികാഗോയില്‍ 1957ലാണ് ബ്യൂട്ട്ലര്‍ ജനിച്ചത്. ലക്സംബര്‍ഗില്‍ ജനിച്ച ഹോഫ്മാന്‍െറ പ്രവര്‍ത്തനരംഗം ഫ്രാന്‍സ് ആണ്.

ആല്‍ഫ്രഡ് നൊബേലും ഡൈനാമിറ്റും
വര്‍ഷം 1864. സ്വീഡനിലെ സ്റ്റോക് ഹോമിനു സമീപമുള്ള ഹെലിന്‍ബോര്‍ഗിലെ ഒരു വീട്ടില്‍ വെടിമരുന്നുകൊണ്ട് ചില പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു ആല്‍ഫ്രഡ് നൊബേല്‍ എന്ന യുവാവ്. ഇടക്കൊന്നു പുറത്തുപോയ അയാള്‍ വൈകുന്നേരം തിരിച്ചുവന്നപ്പോള്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു. ഉഗ്രസ്ഫോടനത്തില്‍ തകര്‍ന്നിരിക്കുന്ന വീട്. സഹോദരന്‍ അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. നൈട്രോ ഗ്ളിസറിന്‍ എന്ന ദ്രവ സ്ഫോടക വസ്തുവില്‍ വെടിമരുന്ന് ചേര്‍ത്ത് നടത്തിയ പരീക്ഷണമായിരുന്നു അപകടത്തില്‍ കലാശിച്ചത്. സ്ഫോടനം ആല്‍ഫ്രഡിന്‍െറ പ്രതീക്ഷകള്‍ അപ്പാടെ തകര്‍ത്തു.
1833ലാണ് ആല്‍ഫ്രഡ് നൊബേല്‍ ജനിക്കുന്നത്. പിതാവ് ഇമ്മാനുവേല്‍ പ്രത്യേക ബോംബുകള്‍ നിര്‍മിക്കുന്ന ഒരു വ്യവസായം കെട്ടിപ്പൊക്കിയിരുന്നു. ആ പാത പിന്തുടര്‍ന്നാണ് ആല്‍ഫ്രഡ് നൊബേലും സ്ഫോടക വസ്തുക്കളുടെ ലോകത്തെത്തിയത്.
സ്ഫോടനത്തില്‍ വീടു തകരുകയും മരണം സംഭവിക്കുകയും ചെയ്തതോടെ സ്വീഡനില്‍ നൊബേലിന് സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിനുള്ള ലൈസന്‍സ് നഷ്ടമായി. അദ്ദേഹം ജര്‍മനിയിലേക്ക് വണ്ടി കയറി. അവിടെയൊരു നൈട്രോ ഗ്ളിസറിന്‍ ഫാക്ടറി സ്ഥാപിച്ചു. എന്നാല്‍, നൈട്രോ ഗ്ളിസറിനെ അപായരഹിതമായ ഒരു ഖരപദാര്‍ഥമാക്കി മാറ്റാനുള്ള ഗവേഷണം നൊബേല്‍ അവിടെ തുടര്‍ന്നു.
അങ്ങനെ 1867 ആയപ്പോഴേക്കും നൊബേലിന്‍െറ പരീക്ഷണങ്ങള്‍ വിജയം കണ്ടു. ഡയറ്റമൈറ്റ് എന്ന ഒരു പ്രത്യേകതരം വസ്തുവില്‍ നൈട്രോ ഗ്ളിസറിന്‍ കൂട്ടിച്ചേര്‍ത്തായിരുന്നു പരീക്ഷണം. അങ്ങനെ അദ്ദേഹം പുതിയൊരു സ്ഫോടകവസ്തു കണ്ടെത്തി. അതായിരുന്നു ഡൈനാമിറ്റ്.
അപകടകാരിയല്ലാത്ത ഡൈനാമിറ്റ് അദ്ദേഹത്തിന് വന്‍ ലാഭമാണ് നേടിക്കൊടുത്തത്. കുറച്ചു വര്‍ഷംകൊണ്ടുതന്നെ നൊബേല്‍ വലിയൊരു പണക്കാരനായി.

നൊബേല്‍ സമ്മാനം
ഡൈനാമിറ്റിന് വളരെ പെട്ടെന്നാണ് പ്രചാരമുണ്ടായത്. 1871ല്‍ ആദ്യമായി ഇതൊരു ആയുധമായി ഉപയോഗിച്ചു. പിന്നീടങ്ങോട്ട് ലോകത്താകമാനം കൊലപാതകങ്ങള്‍ക്കും മറ്റുമായി ആളുകള്‍ ഇതുപയോഗിച്ചു തുടങ്ങി. അതോടെ സമാധാന പ്രേമികള്‍ ഡൈനാമിറ്റിനെതിരെ രംഗത്തുവന്നു. ഇതൊക്കെക്കണ്ട് അസ്വസ്ഥനാകുന്ന ഒരാള്‍ ജര്‍മനിയിലുണ്ടായിരുന്നു. ആല്‍ഫ്രഡ് നൊബേലായിരുന്നു അത്. തന്‍െറ കണ്ടെത്തല്‍ ലോക സമാധാനത്തിനു ഭീഷണിയാവുക! അതദ്ദേഹത്തെ തളര്‍ത്തി. ഒടുവില്‍ നൊബേല്‍ ഒരു തീരുമാനത്തിലെത്തി. തന്‍െറ സമ്പാദ്യം ലോക നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കായി മാറ്റിവെക്കുക.
1895ല്‍ നൊബേല്‍ തന്‍െറ വില്‍പത്രം തയാറാക്കി. അതില്‍ ചില നിര്‍ദേശങ്ങള്‍ അദ്ദേഹം വെച്ചു. തന്‍െറ സമ്പത്തിന്‍െറ പ്രധാനഭാഗം, അതായത് ഏകദേശം മുന്നൂറ്റിപ്പത്ത് ലക്ഷം സ്വീഡിഷ് ക്രോണ കുറെ ഉത്തരവാദപ്പെട്ടവര്‍ ചേര്‍ന്ന് ഒരു നിധിയാക്കി മാറ്റുക. ഇതിനായി ഒരു ഫൗണ്ടേഷന്‍ സ്ഥാപിക്കണം. ഈ തുകയുടെ പലിശ ഉപയോഗിച്ച് മനുഷ്യരാശിക്ക് നന്മചെയ്യുന്ന ചിലരെ ആദരിക്കുകയും ചെയ്യാം. രസതന്ത്രം, ഊര്‍ജതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ അഞ്ചു മേഖലകളിലുള്ളവരെ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം നിര്‍ദേശം വെച്ചു.
അങ്ങനെ 1900ത്തില്‍ നൊബേല്‍ ഫൗണ്ടേഷന്‍ നിലവില്‍വന്നു. 1901ല്‍ ആദ്യമായി നൊബേല്‍ സമ്മാനം കൊടുത്തു. 1968 മുതല്‍ ആറാമതൊരു സമ്മാനവും തുടങ്ങി. സാമ്പത്തിക ശാസ്ത്രത്തിനുള്ളതായിരുന്നു അത്. സ്വീഡിഷ് നാഷനല്‍ ബാങ്കിന്‍െറ മുന്നൂറാം ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയതാണ് ആ സമ്മാനം.

സമ്മാനത്തുക
നൊബേല്‍ സമ്മാനത്തുക വളരെ വലുതാണ്. നൊബേല്‍ ഫൗണ്ടേഷന്‍െറ വാര്‍ഷിക വരുമാനം അനുസരിച്ചാണ് ഓരോ വര്‍ഷവും അതു തീരുമാനിക്കുന്നത്. 1901ല്‍ ആദ്യമായി സമ്മാനം കൊടുത്തപ്പോള്‍ ഏകദേശം ഒന്നര ലക്ഷം സ്വീഡിഷ് ക്രോണ ആയിരുന്നു തുക. അതായത്, ഇന്നത്തെ കണക്കില്‍ 18 ലക്ഷം രൂപ! എന്നാല്‍, ഇന്ന് ഏകദേശം ഏഴരക്കോടി രൂപയാണ് സമ്മാനത്തുക.

പ്രപഞ്ച വികാസത്തിലേക്ക്
ഒരു പുതുനോട്ടം

പ്രപഞ്ചം വികസിക്കുന്നതിന്‍െറ ഗതിവേഗം അനുനിമിഷം വര്‍ധിക്കുകയാണെന്ന വിപ്ളവകരമായ കണ്ടുപിടിത്തത്തെ തേടിയാണ് ഇത്തവണ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം ചെന്നെത്തിയത്. അമേരിക്കക്കാരായ സോള്‍ പേള്‍മട്ടര്‍ (52), ആഡം റീംസ് (42), ആസ്ട്രേലിയന്‍ വംശജനായ അമേരിക്കക്കാരന്‍ ബ്രയാന്‍ ഷ്മിഡിറ്റ് (44) എന്നിവരാണ് ഈ നേട്ടത്തിനുടമകള്‍. തൊണ്ണൂറുകളില്‍ രണ്ടു സംഘമായി പഠനം നടത്തിയ ഇവര്‍ ശ്രദ്ധേയമായ കണ്ടെത്തലുകളാണ് നടത്തിയത്.
നക്ഷത്ര സ്ഫോടനങ്ങളുടെ പിന്നാലെ യാത്ര ചെയ്താണ് മൂവരും നൊബേല്‍ സമ്മാനത്തിലേക്കെത്തിയത്. ഇന്ധനം തീരുന്ന നക്ഷത്രം ഗുരുത്വാകര്‍ഷണം മൂലം അതിവേഗം പൊട്ടിത്തകരുന്നതാണ് സൂപ്പര്‍ നോവ. ഈ സൂപ്പര്‍നോവകളെ നിരീക്ഷിച്ചാണ് പ്രപഞ്ചം വികസിക്കുന്നു എന്ന വാദം ശരിയാണെന്ന് ഇവര്‍ തെളിയിച്ചത്. എന്നാല്‍, പ്രപഞ്ച വികാസത്തിന്‍െറ വേഗം കുറയുന്നു എന്നായിരുന്നു ശാസ്ത്രലോകം കരുതിയിരുന്നത്. എന്നാല്‍, പ്രപഞ്ച വികാസത്തിന്‍െറ വേഗം കുറയുകയല്ല, കൂടുകയാണെന്ന് ഇവര്‍ കണ്ടെത്തി. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ 1988ല്‍ തുടങ്ങിയ സൂപ്പര്‍ നോവ കോസ്മോളജി എന്ന പദ്ധതിയുടെ തലവനാണ് പേള്‍മട്ടര്‍. ആസ്ട്രേലിയയിലെ നാഷനല്‍ യൂനിവേഴ്സിറ്റിയിലാണ് ആഡം റീംസ്. ജോണ്‍സ് ഹോപ്കാന്‍സ് യൂനിവേഴ്സിറ്റി ഓഫ് സ്പേസ് ടെലസ്കോപ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഷ്മിഡിറ്റുമായി ചേര്‍ന്ന് 1994ലാണ് ആഡം റീംസ് ഗവേഷണം തുടങ്ങിയത്.

സതന്ത്ര നൊബേല്‍ അഥവാ
ഒരു മധുര പ്രതികാര കഥ

1982 ലാണ് സംഭവം. ഒരു പുത്തന്‍ ക്രിസ്റ്റല്‍ ഘടന കണ്ടെത്തിയെന്നു പറഞ്ഞ ഒരു ഇസ്രായേല്‍ ഗവേഷകനെ ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന് കൂകിവിട്ടു. പക്ഷേ, വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ കൂകലിന് ശക്തി കുറഞ്ഞു. ആ കണ്ടുപിടിത്തത്തെ പതുക്കെ ശാസ്ത്രലോകത്തിന് അംഗീകരിക്കേണ്ടി വന്നു. ഡാന്‍ ഷെച്മാന്‍ എന്നായിരുന്നു ആ ശാസ്ത്ര പ്രതിഭയുടെ പേര്. 29 വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ ആഴ്ച നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ അത് ഡാന്‍ ഷെച്മാന് മധുരപ്രതികാര നിമിഷങ്ങളായി. രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അദ്ദേഹത്തിന്‍െറ കണ്ടെത്തലിനായിരുന്നു.
‘ക്വാസി ക്രിസ്റ്റല്‍സ്’ എന്നാണ് ഷെച്മാന്‍ കണ്ടെത്തിയ പുതിയ ക്രിസ്റ്റലിന് പേരു കൊടുത്തത്. സാധാരണ ഗതിയില്‍ പരല്‍ സ്വഭാവമുള്ള വസ്തുക്കള്‍ക്കുള്ളില്‍ ഒരു കൃത്യമായ രീതിയിലായിരിക്കും അടിസ്ഥാന ഘടകങ്ങളായ ആറ്റങ്ങളും അയേണുകളുമൊക്കെ ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍, ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു പരല്‍ ഘടനയായിരുന്നു 1982ല്‍ ഡാന്‍ ഷെച്മാന്‍ കണ്ടെത്തിയത്. അലൂമിനിയവും മാംഗനീസും ചേര്‍ത്തുള്ള മിശ്രണവുമായി ബന്ധപ്പെട്ട പരീക്ഷണത്തിനിടയിലായിരുന്നു ഈ കണ്ടെത്തല്‍. എന്നാല്‍, ലിനസ് പോളിങ്ങിനെ പോലുള്ള പ്രഗല്ഭ ശാസ്ത്രജ്ഞര്‍ വരെ ഈ കണ്ടുപിടിത്തത്തെ ശുദ്ധ അസംബന്ധമെന്ന് പറഞ്ഞു തള്ളിക്കളഞ്ഞു. ഇതിന്‍െറ പേരില്‍ സ്വന്തം ഗവേഷണ സംഘത്തില്‍ നിന്ന് ഷെച്മാന്‍ പുറത്തായി. പക്ഷേ, പിന്നീട് ഇദ്ദേഹത്തിന്‍െറ കണ്ടുപിടിത്തത്തെ അംഗീകരിക്കേണ്ടി വരുന്നതാണ് ശാസ്ത്രലോകം കണ്ടത്.
ഇന്ന് പ്രായോഗികതലത്തില്‍ പോലും ക്വാസി ക്രിസ്റ്റലുകള്‍ ഉപയോഗിക്കുന്നുണ്ട്. ഫ്രയിങ് പാനുകളിലെ മുകള്‍ പാളിയായും ചൂടു തടയാനുള്ള ഇന്‍സുലേഷനുമായൊക്കെ ക്വാസി ക്രിസ്റ്റലുകള്‍ ഉപയോഗിക്കാമോ എന്ന ഗവേഷണത്തിലാണ് ഇന്ന് ശാസ്ത്രജ്ഞര്‍. ഏറെനാളത്തെ പഴി കേള്‍ക്കലിനുള്ള ആശ്വാസമാണ് ഷെച്മാന് ഈ സമ്മാനം.

കവിതയെത്തേടി വീണ്ടും നൊബേല്‍ സമ്മാനം
13 വര്‍ഷത്തിനുശേഷം ഇത്തവണ കവിതയെത്തേടി വീണ്ടും നൊബേല്‍ സമ്മാനം ചെന്നു. സ്വീഡിഷ് കവിയായ തോമസ് ട്രാന്‍സ്ട്രോമറിനാണ് ഇത്തവണ സാഹിത്യ നൊബേല്‍ ലഭിച്ചത്. നൊബേല്‍ സമ്മാനത്തിന്‍െറ നാട്ടിലേക്ക് 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സാഹിത്യ നൊബേല്‍ ചെന്നെത്തുന്നത്.
സ്വീഡനിലെ സ്റ്റോക്ഹോമില്‍ 1931 ഏപ്രിലില്‍ ജനിച്ച ട്രാന്‍സ്ട്രോമറിനെത്തേടി 80ാം വയസ്സിലാണ് നൊബേല്‍ സമ്മാനമെത്തുന്നത്. 13ാം വയസ്സില്‍ കവിതയെഴുതിത്തുടങ്ങിയ ട്രാന്‍സ്ട്രോമര്‍, മനുഷ്യമനസ്സിലെ വിഹ്വലതകളെ വരികളില്‍ പകര്‍ത്തി. 1993 മുതല്‍ നൊബേല്‍ സമ്മാനത്തിന് സജീവമായി പരിഗണിക്കുന്നതാണ് ഇദ്ദേഹത്തിന്‍െറ പേര്. സ്കാന്‍ഡിനേവിയ ജന്മം നല്‍കിയ ഏറ്റവും പ്രഗല്ഭനായ കവിയെന്നാണ് ട്രാന്‍സ്ട്രോമര്‍ അറിയപ്പെടുന്നത്. 1990ല്‍ പക്ഷാഘാതം വന്ന് തളര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ടെങ്കിലും സര്‍ഗശേഷി വറ്റിപ്പോകാത്ത മനസ്സുമായി അദ്ദേഹം കവിതകള്‍ എഴുതി. മനഃശാസ്ത്ര ബിരുദദാരിയായ ട്രാന്‍സ്ട്രോമര്‍ സ്റ്റോക്ഹോം സര്‍വകലാശാലയില്‍ പ്രഫസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 50ഓളം ഭാഷകളിലേക്ക് ഇദ്ദേഹത്തിന്‍െറ കവിതകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടു. മലയാളികള്‍ക്ക് ഈ കവിയെ പരിചയപ്പെടുത്തിയത് സച്ചിദാനന്ദനും ബാലചന്ദ്രന്‍ ചുള്ളിക്കാടുമായിരുന്നു. ഹാഫ് ഫിനിഷ്ഡ് ഹെവന്‍, വിന്‍ഡോസ് ആന്‍ഡ് സ്റ്റോണ്‍സ് തുടങ്ങിയവയൊക്കെ പ്രധാന കൃതികളാണ്.
സാമ്പത്തികശാസ്ത്രം
അമേരിക്കന്‍ സാമ്പത്തിക ശാസ്ത്ര ഗവേഷകരായ തോമസ് സര്‍ജന്‍റ്, ക്രിസ്റ്റഫര്‍ സിംസ് എന്നിവര്‍ സാമ്പത്തികശാസ്ത്ര നൊബേല്‍ പങ്കിട്ടു. മാക്രോ ഇക്കണോമിക്സ് അഥവാ സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിലും സര്‍ക്കാര്‍ നയങ്ങള്‍ സാമ്പത്തിക രംഗത്തുണ്ടാക്കുന്ന വ്യതിയാനങ്ങളിലും ഗവേഷണം നടത്തിയാണ് ഇവര്‍ നൊബേല്‍ സമ്മാനത്തിലേക്കെത്തിയത്. സാമ്പത്തിക നയങ്ങളിലുള്ള സ്ഥിര വ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ മാക്രോ ഇക്കണോമിക്സ് ഉപയോഗിക്കാമെന്ന് തോമസ് സര്‍ജന്‍റിന്‍െറ ഗവേഷണം സാക്ഷ്യപ്പെടുത്തുന്നു. ഇടക്കിടെയുണ്ടാകുന്ന നയവ്യതിയാനങ്ങളും മറ്റും സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്താനുള്ള ഗവേഷണമാണ് ക്രിസ്റ്റഫര്‍ സിംസ് നടത്തിയത്.
നാണ്യപ്പെരുപ്പം, എണ്ണ വിലക്കയറ്റം, മൊത്ത ആഭ്യന്തര ഉല്‍പാദനം, തൊഴില്‍ ലഭ്യത തുടങ്ങിയവക്ക് രാജ്യത്തിന്‍െറ സാമ്പത്തിക നയങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് ഇവര്‍ ഗവേഷണം നടത്തി. സര്‍ജന്‍റ് 1970കളിലും സിംസ് 80കളിലുമായി പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളാണ് ഇവരെ സമ്മാനത്തിലേക്കെത്തിച്ചത്. ഇരുവര്‍ക്കും 68 വയസ്സാണ്.
സമാധാനത്തിന്‍െറ പെണ്‍പോരാളികള്‍
ഇത്തവണ സമാധാന നൊബേല്‍ പ്രഖ്യാപിച്ചപ്പോള്‍ അത് ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് അഭിമാന നിമിഷമായി. സമാധാനത്തിനും സ്ത്രീസുരക്ഷക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമായി അക്രമ രഹിത സമരം നയിച്ച മൂന്ന് വനിതകള്‍ക്കാണ് നൊബേല്‍ സമ്മാനം ലഭിച്ചത്. ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയുടെ പ്രസിഡന്‍റ് എലന്‍ ജോണ്‍സണ്‍ സര്‍ലീഫ്, ലൈബീരിയയിലെ തന്നെ സ്ത്രീ വിമോചന പ്രവര്‍ത്തകയായ ലീമ ബോവി, യമനിലെ വനിതാ പത്രപ്രവര്‍ത്തകയും സ്ത്രീ സ്വാതന്ത്ര്യ പ്രവര്‍ത്തകയുമായ തവക്കുല്‍ കര്‍മാന്‍ എന്നിവരാണ് ആ വനിതകള്‍.
ലൈബീരിയയിലെ ഉരുക്കുവനിത എന്നാണ് 73കാരിയായ എലന്‍ ജോണ്‍സണ്‍ അറിയപ്പെടുന്നത്. 14 വര്‍ഷം നീണ്ടുനിന്ന ലൈബീരിയന്‍ ആഭ്യന്തര യുദ്ധം 2005ല്‍ അവസാനിച്ചപ്പോള്‍ പ്രസിഡന്‍റായി സ്ഥാനമേറ്റത് എലന്‍ ജോണ്‍സനായിരുന്നു. ഈ ആഴ്ച നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനിരിക്കെയാണ് ഈ വനിതാ നേതാവിനെ തേടി നൊബേല്‍ സമ്മാനം എത്തുന്നത്.
ആഭ്യന്തര കലാപം ലൈബീരിയയില്‍ ശക്തമായിരുന്ന നാളുകളില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ പ്രധാനിയാണ് എലന്‍ ജോണ്‍സണ്‍. ആഫ്രിക്കയില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ പ്രസിഡന്‍റാണ് ഇവര്‍. ലൈബീരിയയുടെ സാമ്പത്തിക സാമൂഹിക വളര്‍ച്ചക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ആളാണ് എലന്‍ ജോണ്‍സന്‍.
ലീമ ബോവിയും ലൈബീരിയയില്‍ നിന്നുള്ള സ്ത്രീയാണ്. രണ്ടര ലക്ഷത്തോളം പേരെ കൊന്നൊടുക്കിയ ലൈബീരിയന്‍ ആഭ്യന്തര കലാപ നാളുകളിലാണ് ലീമ ബോവി ശ്രദ്ധിക്കപ്പെടുന്നത്. സ്ത്രീസേന രൂപവത്കരിച്ച് പുരുഷന്മാരെ സമാധാനത്തിലേക്ക് നയിക്കുകയും അതുവഴി കലാപം അവസാനിപ്പിക്കുകയും ചെയ്ത നേതാവാണ് ലീമ ബോവി. തെരഞ്ഞെടുപ്പില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാനും സ്ത്രീ പ്രാതിനിധ്യം സമസ്ത മേഖലകളിലും എത്തിക്കാനും മുന്‍കൈയെടുത്തത് ലീമ ബോവിയായിരുന്നു. വ്യത്യസ്തമായ സമര മുറകളിലൂടെ സ്ത്രീ പോരാട്ടത്തില്‍ പുതിയ ചരിത്രമെഴുതുകയാണ് 39കാരിയായ ലീമ ബോവി ചെയ്തത്. ‘വിമന്‍ ഫോര്‍ പീസ്’ എന്ന സമാധാന സംഘടനയുടെ നേതാവ് കൂടിയാണ് ഇവര്‍.
സമ്മാന ജേതാക്കളിലെ ചെറുപ്പമുള്ള മുഖമാണ് തവക്കുല്‍ കര്‍മാന്‍ എന്ന യമന്‍കാരിയുടേത്. നൊബേല്‍ സമ്മാനം കിട്ടുന്ന ആദ്യ അറബ് വംശജയാണ് തവക്കുല്‍ കര്‍മാന്‍. 32കാരിയായ കര്‍മാന്‍ സ്ത്രീ സ്വാതന്ത്ര്യ പ്രവര്‍ത്തകയും അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകയുമാണ്. യമന്‍ പ്രസിഡന്‍റായ അബ്ദുല്ല സ്വാലിഹിന്‍െറ ഏകാധിപത്യ ഭരണത്തിനെതിരെ സ്ത്രീകളെ അണിനിരത്തി പ്രതിഷേധിക്കാന്‍ കര്‍മാന്‍ കാട്ടിയ ധൈര്യം ലോക ശ്രദ്ധ പിടിച്ചുപറ്റി. ഇതിന്‍െറ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് ഇവര്‍ക്ക്. സമാധാന നൊബേല്‍ ജേതാക്കളായ മറ്റു രണ്ടുപേരെപ്പോലെ ഇവരും സ്വന്തം നാടിന്‍െറ വളര്‍ച്ചക്കായി പ്രവര്‍ത്തിക്കുന്നു.
വിമന്‍ ജേണലിസ്റ്റ് വിത്തൗട്ട് ചെയ്ന്‍ എന്ന വനിതാ പത്രപ്രവര്‍ത്തക സംഘടനയുടെ അമരക്കാരിയാണ് തവക്കുല്‍ കര്‍മാന്‍. അല്‍ഇസ്ലാം എന്നൊരു മനുഷ്യാവകാശ സംഘടനയും ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമാധാന നൊബേല്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി എന്ന റെക്കോഡും ഇനി കര്‍മാന് സ്വന്തം. നൊബേല്‍ സമ്മാനത്തുകയായ ഏഴരക്കോടി രൂപ ഈ മൂന്നുപേര്‍ക്കായി വീതംവെച്ചുനല്‍കും.[കടപ്പാട് -മാധ്യമം] 
 

No comments:

Post a Comment