Sunday 6 November 2011

ചാവോ ഫ്രായ നദി------------------ അനില്‍കുമാര്‍ എ വി


  • ചാവോ ഫ്രായ നദി 
  • തായ്ലന്‍ഡിലെ പുതിയ വനിത പ്രധാനമന്ത്രി യിങ് ലുക്ക് ഷിനാവത്രയ്ക്ക് അസാധാരണമായൊരു വെല്ലുവിളി ഉയര്‍ന്നത് അന്താരാഷ്ട്ര പ്രാധാന്യമുള്ള വാര്‍ത്തയായിരുന്നു. ചാവോ ഫ്രായ നദിയുടെ കനാലുകള്‍ ഉയര്‍ത്താന്‍ 12 ലക്ഷം മണല്‍ ചാക്കുകള്‍ ലഭിച്ചില്ലെങ്കില്‍ അവര്‍ സ്ഥാനമുപേക്ഷിക്കേണ്ടിവരുമെന്നും പ്രചാരണമുണ്ടായി. തലസ്ഥാനമായ ബാങ്കോക്കിന്റെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലാവുമെന്ന ഭയം പരന്ന സന്ദര്‍ഭമായിരുന്നു അത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി എണ്ണൂറിനടുത്ത് ജീവന്‍ കവര്‍ന്ന 2011 ഒക്ടോബറിലെ പ്രളയം പതിനയ്യായിരം ഫാക്ടറികള്‍ക്ക് താഴിട്ടു. ആറേമുക്കാല്‍ ലക്ഷം തൊഴിലാളികളും ജീവനക്കാരും പ്രതിസന്ധിയിലുമായി. ആറുകിലോമീറ്റര്‍ നീളമുള്ള ഹോക് വാ കനാലിന്റെ ഉയരം ഇപ്പോള്‍ രണ്ടര മീറ്ററാണ്. അത് അര മീറ്റര്‍ ഉടന്‍ ഉയര്‍ത്തിയില്ലെങ്കില്‍ ബാങ്കോക്ക് വെള്ളത്തില്‍ മുങ്ങിത്താഴുമെന്ന അവസ്ഥയായിരുന്നു. വെള്ളപ്പൊക്കം കെടുതി തീര്‍ത്ത 56 പ്രവിശ്യകളില്‍ പത്തില്‍ സ്ഥിതി അതിരൂക്ഷവും. തായ്ലന്‍ഡിന്റെ ചരിത്രവും സമകാലീന ജീവിതവുമായി അഭേദ്യ ബന്ധമുള്ളതാണ് ചാവോ ഫ്രായ നദി. രാജ്യത്തെ ഫ്യൂഡല്‍ ജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്നുവെന്ന അര്‍ത്ഥത്തില്‍ "റിവര്‍ ഓഫ് കിങ്സ്" എന്നും അറിയപ്പെട്ടിരുന്നു അത്. ചരിത്രത്തെ പുണര്‍ന്ന് 372 കിലോമീറ്റര്‍ നീണ്ടൊഴുകുന്ന ആ നദിക്കരയിലാണ് ജീവിതത്തിന്റെ പച്ചപ്പ് തളിര്‍ത്തതെന്ന് പറയാറുണ്ട്. രാജ്യത്തിന്റെ പഴയകാല വ്യാപാരവും അതിലൂടെ സമ്പദ്വ്യവസ്ഥയും പുഷ്ടിപ്പെടുത്തുകയും ചെയ്തു അത്. പല പ്രധാന പട്ടണങ്ങള്‍ ഉദയം കൊണ്ടതും ചാവോ ഫ്രായയെ തൊട്ടുരുമ്മിയാണ്. ഉത്തായി, താനി, നഖോണ്‍ , സിംഗ്ബുറി, ചയ്നാത്ത് തുടങ്ങിയവ ഉദാഹരണം. നദിയുടെ കര സമ്പന്നമായ ധാതു നിക്ഷേപത്തിന്റെ കേന്ദ്രവുമാണ്. രാജ്യത്തിന്റെ വടക്കുഭാഗം വന്‍ പര്‍വതങ്ങളാല്‍ നിബിഡവും. ചെങ്കുത്തായ താഴ്വാരങ്ങളും കുന്നുകളും നിറഞ്ഞ അവിടെനിന്നാണ് നാന്‍ , പിങ്, വാങ്, യോം നദികളുടെ ഉത്ഭവം. ഇവിടെനിന്നുള്ള നദികള്‍ കൂടിക്കലര്‍ന്ന് രൂപപ്പെടുന്ന ചാവോ ഫ്രായ തീരം ലോകത്തിലെ ഏറ്റവും മികച്ച നെല്ലുല്‍പ്പാദന കേന്ദ്രമാണ്. അത്രയും തന്നെ പ്രശസ്തമാണ് ഫലകൃഷിയും. കച്ചവടവും വാണിജ്യപ്രവര്‍ത്തനവും ടൂറിസവും ഒഴുകുന്ന കമ്പോളവുമടക്കം സഞ്ചാരികളെ അത് മാടിവിളിക്കുന്നു. ബുദ്ധ യോദ്ഫ അല്ലെങ്കില്‍ രാമ ഒന്നാമന്‍ എന്നറിയപ്പെട്ട ചാവോ ഫ്രായ മഹാ കസാത്സുഎക് രാജാവാണ് ചാക്രി സാമ്രാജ്യം സ്ഥാപിച്ചത്. അതാവട്ടെ ചാവോ ഫ്രായ നദിയുടെ എതിര്‍വശത്തായിരുന്നു. 1782 മുതല്‍ ബാങ്കോക്ക് പ്രാധാന്യം നേടുന്നത് അങ്ങനെ. വിദേശാതിക്രമം ഭയന്നായിരുന്നു ഈ നീക്കം. പടിഞ്ഞാറന്‍ തീരത്തുനിന്ന് തലസ്ഥാനത്തെ സംരക്ഷിച്ചുനിര്‍ത്തിയത് ചാവോ ഫ്രായ. പിന്നെ ചുറ്റും കനാലുകള്‍ തീര്‍ത്തു. ഈ ജലക്കാഴ്ചയാണ് ബാങ്കോക്കിന് "കിഴക്കിന്റെ വെനീസ്" എന്ന വിശേഷണം നല്‍കിയത്. കേരളത്തില്‍ ആലപ്പുഴയും അറിയപ്പെടുന്നത് അങ്ങനെയാണല്ലോ. നദിയെ തൊട്ടുരുമ്മി രാമ ഒന്നാമന്‍ വന്‍ കൊട്ടാര സമുച്ചയവും പണിതു. അതിനകത്തുതന്നെ ബുദ്ധക്ഷേത്രവും നിര്‍മ്മിച്ചു. അനുബന്ധമായി പ്രധാന സര്‍ക്കാര്‍ ഓഫീസുകളും. ഈ പ്രൗഢി മനസ്സിലിരുത്തി അദ്ദേഹമാണ് തലസ്ഥാനത്തിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പേരിട്ടത്:  പറയാന്‍ വളരെ പ്രയാസമുള്ളതിനാല്‍ ക്രുങ് തെപ് എന്ന ഹ്രസ്വരൂപവും പ്രചാരത്തിലായി. അപ്പോഴും പുറം ലോകം ബാങ്കോക്ക് എന്നാണ് വിളിച്ചത്. ഗൃഹാതുരമായ പതുങ്ങിയ ചുവടുകള്‍ വെച്ച ചാവോ ഫ്രായ നദിക്കരയും തലസ്ഥാനവും രാമ നാലാമന്റെ കാലത്ത് (1868-1910) വലിയ കുതിച്ചുചാട്ടമുണ്ടാക്കി. വാര്‍ത്താ വിതരണ-യാത്രാ- ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെല്ലാം തിരിച്ചറിയാനാവാത്ത മുന്നേറ്റം. പിന്നെ ഭരണസൗകര്യത്തിനായി രാജ്യത്തെ മൊന്തോന്‍ എന്നറിയപ്പെട്ട വിവിധ പ്രവിശ്യകളായി വിഭജിച്ചു. 1932-ല്‍ ഭരണരംഗത്ത് തകിടം മറിയലുകളുണ്ടായി. രക്തരഹിതമായ പട്ടാള അട്ടിമറിയിലൂടെ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി ഭരണഘടനാനുസൃത രാജഭരണം സ്ഥാപിച്ചു. ആദ്യകാലത്ത് മീന്‍പിടിത്ത ഗ്രാമം മാത്രമായി അറിയപ്പെട്ട ബാങ്കോക്ക് ഏറെ ഖ്യാതി നേടിയത് പുതിയ ഭരണ നടപടികളിലൂടെ. അതിന് ബലം നല്‍കിയത് ചാവോ ഫ്രായ നദിയുടെ തീരങ്ങളും. ഒലീവ് മരങ്ങളുടെ, നിബിഡ വനങ്ങളുടെ സാന്നിധ്യവുമുണ്ടായ അവിടം അമ്പരപ്പിക്കുന്ന പ്രകൃതി മനോഹാരിതയുടെ സ്ഥലം കൂടിയാണ്. അതിനാല്‍ തന്നെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര മേഖലയുമായി ഉയര്‍ന്നു. ഒരു കാലത്ത് ചാവോ ഫ്രായ നദീ തീരം മഹാവനങ്ങള്‍ നിറഞ്ഞതായിരുന്നു. 1960 വരെ രാജ്യത്തിന്റെ പകുതിയിലധികം വനഭൂമിയായിരുന്നത്രെ. 1980കളില്‍ തേക്കിനും മറ്റും വേണ്ടി കാടുകള്‍ വെട്ടിത്തെളിക്കാന്‍ തുടങ്ങി. ഇപ്പോള്‍ 30 ശതമാനം ഭാഗത്തേ വനങ്ങളുള്ളൂ. ചാവോ ഫ്രായയുടെ അനുബന്ധമായി ലോകപ്രസിദ്ധമായ ഫുകേത് ദ്വീപ്. പാശ്ചാത്യ വിനോദ സഞ്ചാരികളുടെ സ്വപ്നഭൂമിയാണത്. മലേഷ്യയോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന തെക്കന്‍ തായ്ലന്‍ഡിലേക്ക് ആന്തമാന്‍ കടലും തായ് ഉള്‍ക്കടലും വഴി പുരാതന കാലത്തുതന്നെ മറ്റു സംസ്കാരങ്ങള്‍ ഇഴഞ്ഞെത്തിയിരുന്നു. തേരവാദ ബുദ്ധമതവും ഇസ്ലാമും വന്നതും ആ വഴിതന്നെ.

No comments:

Post a Comment