Friday 4 November 2011

ഐക്യരാഷ്ട്ര സഭ



image
യു.എന്‍
ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യങ്ങള്‍(Purpose of the UN)
1. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പുലര്‍ത്തുക.  സമാധാനത്തിനുള്ള ഭീഷണികള്‍ തടയുകയും ദൂരീകരിക്കുകയും ചെയ്യുക. അക്രമ നടപടികളും മറ്റ് സമാധാന ലംഘനങ്ങളും അമര്‍ച്ച ചെയ്യുക. അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ നീതിയും നിയമങ്ങളും ഉപയോഗിച്ച് പരിഹരിക്കുക.
2. എല്ലാ രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ സൗഹൃദ ബന്ധങ്ങള്‍ ഉണ്ടാക്കി അന്താരാഷ്ട്ര സാഹോദര്യം വളര്‍ത്തിയെടുക്കുക. ജനതയുടെ സ്വയം നിര്‍ണയാവകാശം, സമത്വം എന്നീ തത്ത്വങ്ങളോടുള്ള ബഹുമാനത്തില്‍ അധിഷ്ഠിതമായിരിക്കണം അത്.
3. അന്താരാഷ്ട്ര സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുക. വംശം, ലിംഗം, ഭാഷ, പ്രദേശം എന്നീ വ്യത്യാസങ്ങള്‍ക്കതീതമായി എല്ലാവരുടെയും സ്വാതന്ത്ര്യത്തെയും അടിസ്ഥാന മനുഷ്യാവകാശങ്ങളെയും പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുക.
4. ഈ പൊതുലക്ഷ്യങ്ങള്‍ നേടുന്നതിലേക്ക് രാജ്യങ്ങളുടെ നടപടികള്‍ സമന്വയിപ്പിക്കുന്നതിനുള്ള കേന്ദ്രമായി വര്‍ത്തിക്കുക.

യു.എന്നിന്‍െറ തത്ത്വങ്ങള്‍ (Principles of the UN)
1. അംഗരാജ്യങ്ങള്‍ വലുതോ ചെറുതോ ആവട്ടെ, ഐക്യരാഷ്ട്രസഭ അംഗങ്ങളുടെ തുല്യമായ പരമാധികാരത്തില്‍ അധിഷ്ഠിതമായിരിക്കും.
2. ചാര്‍ട്ടര്‍ പ്രകാരമുള്ള എല്ലാ ബാധ്യതകളും അംഗരാഷ്ട്രങ്ങള്‍ ഉത്തമവിശ്വാസത്തോടെ പൂര്‍ത്തിയാക്കേണ്ടതാണ്.
3. അംഗരാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സമാധാനത്തിനും സുരക്ഷക്കും നീതിക്കും പരിക്കേല്‍ക്കാത്ത രീതിയില്‍ സമാധാന പൂര്‍ണമായി പരിഹരിക്കണം.
4. ഒരു അംഗരാജ്യവും മറ്റൊരു അംഗരാജ്യത്തിന്‍െറ അതിര്‍ത്തിക്കോ സ്വാതന്ത്ര്യത്തിനോ എതിരായി ബലംപ്രയോഗിക്കുകയോ ബലപ്രയോഗ ഭീഷണി പുലര്‍ത്തുകയോ യു.എന്‍ ചാര്‍ട്ടറിന് നിരക്കാത്ത വിധത്തില്‍ പെരുമാറുകയോ ചെയ്യരുത്.
5. യു.എന്‍ സൈനിക നടപടിക്ക് വിധേയമായ ഒരു രാജ്യത്തെയും ഒരു അംഗരാജ്യവും  സഹായിക്കരുത്. ചാര്‍ട്ടര്‍ അനുസരിച്ച് യു.എന്‍ കൈക്കൊള്ളുന്ന എല്ലാ നടപടികള്‍ക്കും മുഴുവന്‍ അംഗരാജ്യങ്ങളും പിന്തുണ നല്‍കണം.
6. അംഗങ്ങളല്ലാത്ത രാജ്യങ്ങളും യു.എന്‍ തത്ത്വങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് സമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ ആവശ്യമാണ് എന്നതുകൊണ്ട് അക്കാര്യവും യു.എന്‍ ഉറപ്പുവരുത്തണം.
7. ഏതെങ്കിലും അംഗരാഷ്ട്രത്തിന്‍െറ ആഭ്യന്തര അതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ ഇടപെടുകയോ അത്തരം കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാനായി സഭയില്‍ കൊണ്ടുവരണമെന്ന് നിര്‍ബന്ധിക്കുകയോ ചെയ്യാന്‍ യു.എന്നിന് അധികാരമില്ല. സമാധാന ലംഘനം, സമാധാന ഭീഷണി, അക്രമങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സമ്മര്‍ദ നടപടികള്‍ സ്വീകരിക്കേണ്ടിവരുന്ന ഘട്ടത്തില്‍ ഈ തത്ത്വം ബാധകമല്ല.

യു.എന്നിലെ മുഖ്യ ഭരണ നിര്‍വഹണ ഘടകങ്ങള്‍ (Organs of the UN)
പൊതുസഭ (General Assembly)
ഐക്യരാഷ്ട്രസഭയിലെ അംഗരാഷ്ട്രങ്ങളെല്ലാം അടങ്ങുന്നതാണ് യു.എന്‍ പൊതുസഭ. യു.എന്നിന്‍െറ ഘടകങ്ങളില്‍വെച്ച് ഏറ്റവും വലിയതാണിത്. ഇപ്പോള്‍ 192 അംഗങ്ങളാണ് പൊതുസഭയിലുള്ളത്. ഓരോ രാഷ്ട്രത്തിനും അഞ്ച് പ്രതിനിധികളെ പൊതുസഭയിലേക്ക് അയക്കാം. പക്ഷേ, ഒരു രാഷ്ട്രത്തിന് ഒരു വോട്ടു മാത്രമേ ഉണ്ടാവുകയുള്ളൂ. സ്വന്തം ഗവണ്‍മെന്‍റിന്‍െറ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും ഓരോ പ്രതിനിധിയും പ്രവര്‍ത്തിക്കുക.
ജനറല്‍ അസംബ്ളിയുടെ ആദ്യ യോഗത്തില്‍ ഒരു വര്‍ഷത്തേക്കുള്ള പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും. ഈ പ്രസിഡന്‍റ് വന്‍ ശക്തികളുടെ പ്രതിനിധിയാവരുത് എന്ന കീഴ്വഴക്കം ഉണ്ട്. പ്രസിഡന്‍റിന് പുറമെ, 17 വൈസ് പ്രസിഡന്‍റുമാരെയും ഏഴ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരെയും തെരഞ്ഞെടുക്കേണ്ടതുണ്ട്.
ജനറല്‍ അസംബ്ളിയുടെ പതിവു സമ്മേളനം ഓരോ വര്‍ഷവും സെപ്റ്റംബര്‍ മാസം മൂന്നാമത്തെ ചൊവ്വാഴ്ചയാണ് നടക്കുക. രക്ഷാ സമിതിയിലെ ഏഴ് അംഗങ്ങളോ ജനറല്‍ അസംബ്ളിയിലെ ഭൂരിപക്ഷം അംഗങ്ങളോ ആവശ്യപ്പെട്ടാല്‍ സഭയുടെ പ്രത്യേക സമ്മേളനങ്ങള്‍ നടക്കും.
ജനറല്‍ അസംബ്ളിയുടെ സമ്മേളനത്തില്‍ ഹാജരായി വോട്ട് ചെയ്യുന്നവരുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് പ്രധാന പ്രശ്നങ്ങളെല്ലാം തീരുമാനിക്കുന്നത്. സമാധാനവും സുരക്ഷിതത്വവും സംബന്ധിച്ച ശിപാര്‍ശകള്‍, രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളല്ലാത്തവര്‍, ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിലെ അംഗങ്ങള്‍, ട്രസ്റ്റിഷിപ് കൗണ്‍സിലെ അംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് എന്നിവയാണ് ഇങ്ങനെ തീരുമാനിക്കപ്പെടുന്ന പ്രശ്നങ്ങള്‍. അംഗങ്ങളുടെ പ്രവേശം, സസ്പെന്‍ഷന്‍, പുറത്താക്കല്‍, സാമ്പത്തിക കാര്യം എന്നിവക്കും ഇതേ തരത്തിലുള്ള തീര്‍പ്പ് ആവശ്യമാണ്.

രക്ഷാസമിതി
(The Security Council)

ലോക സമാധാനത്തിന്‍െറയും സുരക്ഷയുടെയും പ്രാഥമിക ചുമതല രക്ഷാസമിതിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. രക്ഷാസമിതി സ്ഥിരമായി പ്രവര്‍ത്തിക്കും. രക്ഷാസമിതിയില്‍ 15 അംഗങ്ങളാണുള്ളത്. അഞ്ച് സ്ഥിരാംഗങ്ങളും പത്ത് താല്‍ക്കാലികാംഗങ്ങളും.
ബ്രിട്ടണ്‍, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന എന്നിവയാണ് രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍. താല്‍ക്കാലിക അംഗങ്ങളെ രണ്ടുവര്‍ഷ കാലാവധിയിലേക്ക് ജനറല്‍ അസംബ്ളി തെരഞ്ഞെടുക്കും.
കിഴക്കന്‍ യൂറോപ്പില്‍നിന്ന് ഒന്ന്, പടിഞ്ഞാറന്‍ യൂറോപ്പില്‍നിന്ന് രണ്ട്, ലാറ്റിനമേരിക്കയില്‍നിന്ന് രണ്ട്, ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമായി അഞ്ച് എന്ന ക്രമത്തിലാണ് പത്ത് താല്‍ക്കാലിക അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.
സമാധാനത്തിന് ഭീഷണിയായേക്കാവുന്ന തര്‍ക്കങ്ങളെയെല്ലാം രക്ഷാസമിതി പരിശോധിക്കും.
തര്‍ക്കങ്ങള്‍ സമാധാനപൂര്‍വം പരിഹരിക്കാന്‍ ബന്ധപ്പെട്ട കക്ഷികളോട് രക്ഷാസമിതിക്ക് ആവശ്യപ്പെടാം. തര്‍ക്ക പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ രക്ഷാസമിതിക്ക് നല്‍കാം. ശ്രമങ്ങള്‍ പരാജയപ്പെടുകയോ അപര്യാപ്തമായിത്തീരുകയോ ചെയ്യുമ്പോള്‍ നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കാനുള്ള ആഹ്വാനം അംഗരാഷ്ട്രങ്ങള്‍ക്ക് നല്‍കുന്നതിനുള്ള അധികാരവും രക്ഷാസമിതിക്കുണ്ട്. ലോക സമാധാനവും സുരക്ഷയും പാലിക്കാന്‍വേണ്ടി കര-വ്യോമ-നാവിക സേനകളിലൂടെ പ്രവര്‍ത്തിക്കാനുള്ള അധികാരവും സമിതിയില്‍ നിക്ഷിപ്തമാണ്.

വീറ്റോ അധികാരം (Veto power)
നടപടിക്രമങ്ങളില്‍ രക്ഷാസമിതി തീരുമാനമെടുക്കുന്നത് ഒമ്പതംഗങ്ങളുടെ അനുകൂല വോട്ടോടെയാണ്. മറ്റ് വിഷയങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ആവശ്യമായ ഒമ്പത് അനുകൂല വോട്ടുകളില്‍ അഞ്ച് സ്ഥിരാംഗങ്ങളുടെ അനുകൂല വോട്ട് വേണമെന്ന് നിര്‍ബന്ധമാണ്. ഏതെങ്കിലും ഒരു സ്ഥിരാംഗം പ്രതികൂല വോട്ട് രേഖപ്പെടുത്തിയാല്‍ അതോടെ ആ പ്രമേയം പരാജയപ്പെടുന്നു. ഇപ്രകാരം പ്രതികൂലിക്കാനുള്ള സ്ഥിരാംഗങ്ങളുടെ അവകാശത്തെ വീറ്റോ പവര്‍ എന്നു പറയുന്നു. സ്ഥിരാംഗം വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നത് ‘വീറ്റോ’ ആയി കണക്കാക്കില്ല.

സാമ്പത്തിക സാമൂഹിക സമിതി
(The Economic and Social Council- ECOSCO)

ലോക സമാധാനം പുലര്‍ത്തുന്നതില്‍ സാമ്പത്തിക, സാമൂഹിക ഘടകങ്ങളുടെ പ്രാധാന്യം കണക്കിലെടുത്താണ് ECOSCO വിന് രൂപം നല്‍കാന്‍ യു.എന്‍ ചാര്‍ട്ടര്‍ വ്യവസ്ഥ ചെയ്തത്.
മൂന്ന് വര്‍ഷത്തെ അംഗത്വ കാലാവധിയിലേക്ക് യു.എന്‍ ജനറല്‍ അസംബ്ളി തെരഞ്ഞെടുക്കുന്ന 54 അംഗങ്ങളാണ് ECOSCOയിലുള്ളത്. മൂന്നിലൊന്ന് അംഗങ്ങള്‍ ഓരോ വര്‍ഷവും മാറിക്കൊണ്ടിരിക്കും.
ഒരു വര്‍ഷ കാലാവധിയിലേക്കാണ് സമിതി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത്.
ആഫ്രിക്കയില്‍ നിന്ന് 14, ഏഷ്യയില്‍ നിന്ന് 11, കിഴക്കന്‍ യൂറോപ്പില്‍ നിന്ന് ആറ്, ലാറ്റിനമേരിക്കയില്‍ നിന്ന് പത്ത്, പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്ന് 13 എന്നിങ്ങനെയാണ് അംഗരാഷ്ട്രങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കുന്നത്. സാമൂഹിക സാമ്പത്തിക പുരോഗതി, എല്ലാവര്‍ക്കും തൊഴില്‍, ഉയര്‍ന്ന ജീവിത നിലവാരം എന്നിവയാണ് ECOSCOവിന്‍െറ മുഖ്യ ലക്ഷ്യം.

ട്രസ്റ്റീഷിപ് കൗണ്‍സില്‍
(The Trusteeship Council)

തര്‍ക്കങ്ങളെത്തുടര്‍ന്നുണ്ടായ ധാരണയനുസരിച്ച് യു.എന്നിന് വിട്ടുകൊടുത്ത പ്രദേശങ്ങളുടെ ഭരണവും മേല്‍നോട്ടവും നടത്തുന്നതിനുള്ള അന്താരാഷ്ട്ര സംവിധാനമാണ് ഇത്.
രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍, തര്‍ക്കപ്രദേശങ്ങളുടെ ഭരണം നടത്തുന്ന അംഗരാഷ്ട്രങ്ങള്‍, ജനറല്‍ അസംബ്ളി തെരഞ്ഞെടുക്കുന്ന രാജ്യങ്ങള്‍ എന്നിവ അടങ്ങുന്നതാണ് ട്രസ്റ്റീഷിപ് കൗണ്‍സില്‍. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം കൗണ്‍സില്‍ സമ്മേളിക്കാറുണ്ട്.
ട്രസ്റ്റീഷിപ് കൗണ്‍സില്‍ മേല്‍നോട്ടവും ഭരണവും നടത്തുന്ന പ്രദേശങ്ങള്‍
1. ട്രസ്റ്റീഷിപ് ഉടമ്പടി അനുസരിച്ച് ഭരണാധികാരത്തോടുകൂടി കൗണ്‍സിലിനെ ഏല്‍പിച്ച സ്ഥലങ്ങള്‍.
2. സര്‍വരാജ്യ സഖ്യത്തിന്‍െറ അധീനതയിലുണ്ടായിരുന്ന സ്ഥലങ്ങള്‍, രണ്ടാം ലോക യുദ്ധത്തില്‍ ശത്രുരാജ്യങ്ങളില്‍ നിന്നും വേര്‍പെടുത്തിയ പ്രദേശങ്ങള്‍.
3. സ്വയം തീരുമാനിച്ച് ട്രസ്റ്റീഷിപ് സംവിധാനത്തിനു കീഴിലായ പ്രദേശങ്ങള്‍.

അന്താരാഷ്ട്ര നീതിന്യായ കോടതി (International Court of Justice)
യു.എന്നിന്‍െറ നീതിന്യായ ഘടകമാണ് അന്താരാഷ്ട്ര നീതിന്യായ കോടതി. 15 സ്വതന്ത്ര ജഡ്ജിമാര്‍ കോടതിയിലുണ്ടാകും. സ്വന്തം രാജ്യങ്ങളിലെ അത്യുന്നത നിയമപീഠങ്ങളില്‍ നിയമിക്കപ്പെടാന്‍ അര്‍ഹതയുള്ളവരും അന്താരാഷ്ട്ര നിയമ വിദഗ്ധരും ആയിരിക്കും അവര്‍. കോടതിയിലെ ജഡ്ജിമാരുടെ കാലാവധി ഒമ്പത് വര്‍ഷമാണ്. ജഡ്ജിമാര്‍ ചേര്‍ന്ന് മൂന്നുവര്‍ഷ കാലാവധിയിലേക്ക് ഒരു പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും. കോടതി സ്ഥിരമായി നിലവിലുണ്ടായിരിക്കും.
കേസില്‍ തീര്‍പ്പുകല്‍പിക്കാന്‍ ഒമ്പതംഗങ്ങളുടെ ക്വാറം ആവശ്യമാണ്. കരാര്‍ വ്യവസ്ഥകളുടെ വ്യാഖ്യാനം, അന്താരാഷ്ട്ര നിയമങ്ങള്‍ സംബന്ധിച്ച സംശയങള്‍ തുടങ്ങി അംഗരാഷ്ട്രങ്ങള്‍ ഉന്നയിക്കുന്ന നിയമത്തര്‍ക്കങ്ങള്‍ കോടതി പരിഗണിക്കും. കോടതിയുടെ ചട്ടങ്ങള്‍ അംഗീകരിച്ചിട്ടുള്ള പരമാധികാര രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളേ കോടതി കേള്‍ക്കുകയുള്ളൂ.

സെക്രട്ടേറിയറ്റ് (The Secretariat)
യു.എന്നിന്‍െറ ഭരണസംവിധാനമാണ് സെക്രട്ടേറിയറ്റ്. സെക്രട്ടറി ജനറല്‍, ഡെപ്യൂട്ടി സെക്രട്ടറിമാര്‍, വിഗദ്ധര്‍, ഭരണാധികാരികള്‍, ക്ളര്‍ക്കുമാര്‍ എന്നിവരടങ്ങുന്നതാണ് സെക്രട്ടേറിയറ്റ്. രക്ഷാസമിതിയുടെ ശിപാര്‍ശയനുസരിച്ച് ജനറല്‍ അസംബ്ളിയാണ് സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. വിവിധ ഭൂപ്രദേശങ്ങളിലെ സാന്നിധ്യം ഉറപ്പുവരുത്താന്‍ യു.എന്‍ നിയമങ്ങള്‍ക്കനുസരിച്ച് സെക്രട്ടേറിയറ്റ് ജീവനക്കാരെ നിയമിക്കുന്നത് സെക്രട്ടറി ജനറലാണ്. ഏതാണ്ട് 44,000  ജീവനക്കാര്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ സ്വന്തം രാജ്യത്തിന്‍െറ ആജ്ഞാനുവര്‍ത്തികളാവാന്‍ പാടില്ല.

യു.എന്‍ സെക്രട്ടറി ജനറല്‍മാര്‍
l ഗ്ളാഡ്വിന്‍ ജബ് (Gladwyn jebb),1945ഒക്ടോബര്‍ 24 മുതല്‍ 1946 ഫെബ്രുവരി ഒന്നുവരെ, ബ്രിട്ടന്‍)
പ്രഥമ സെക്രട്ടറി ജനറലായ ട്രിഗ്വ്ലിയെ തെരഞ്ഞെടുക്കുന്നതുവരെ ആക്ടിങ് സെക്രട്ടറി ജനറല്‍ ആയിരുന്നു.
I ട്രിഗ്വ്ലി (Trygve Lie), 1946-1952, നേര്‍വേ)
പ്രഥമ സെക്രട്ടറി ജനറല്‍
l രണ്ടാം വട്ടവും പദവിയില്‍ വരുന്നതിനെ റഷ്യ എതിര്‍ത്തു. അക്കാരണത്താല്‍ രാജിവെച്ചു.
l കൊറിയന്‍ യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ വിമര്‍ശവിധേയനായി.
II. ഡാഗ് ഹമ്മര്‍സ് ജോള്‍ഡ് (Dag Hammarskjold), 1953-1961, സ്വീഡന്‍)
l കോംഗോ പ്രതിസന്ധി പരിഹരിക്കുന്നതിനെടുത്ത പരിശ്രമങ്ങള്‍ക്ക് 1961ല്‍ നൊബേല്‍ സമ്മാനം മരണാനന്തര ബഹുമതിയായി നല്‍കപ്പെട്ടു.
l സൂയസ് കനാല്‍ തര്‍ക്കം പരിഹരിക്കല്‍, ആഫ്രിക്കയെ കോളനി മുക്തമാക്കല്‍ എന്നിവക്ക് യത്നിച്ചു.
III. യു താണ്ട് (U Thant), 1961-1971, മ്യാന്മര്‍)
l വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കയെ വിമര്‍ശിച്ചു.
l ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി, കോംഗോ പ്രതിസന്ധി എന്നിവ പരിഹരിക്കുന്നതിന് യത്നിച്ചു.
l യു.എന്‍ സമാധാന സേനയെ സൈപ്രസില്‍ വിന്യസിച്ചു.
IV. കര്‍ട്ട് വാല്‍ഡ്ഹിം  (Kurt waldheim), 1972-1981, ഓസ്ട്രിയ)
l മൂന്നാം വട്ടവും പദവിയില്‍ തുടരുന്നതിന് ചൈന എതിര്‍ത്തു.
l ബംഗ്ളാദേശിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
lനമീബിയ, ലബനാന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചു.
V. ജാവിയര്‍ പെരസ് ഡി ക്വയര്‍ (Javier perz de cuellar), 1982-1991, പെറു)
lനമീബിയയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ചര്‍ച്ചകള്‍ നടത്തി.
VI. ബുട്രോസ് ബുട്രോസ്ഗലി (Boutros Boutros Gali),1992-1996, ഈജിപ്ത്
l ‘ആന്‍ അജന്‍ഡ ഫോര്‍ പീസ്’എന്ന റിപ്പോര്‍ട്ട് തയാറാക്കി.
l മൊസാംബീക്കില്‍ വിജയകരമായ യു.എന്‍ സൈനിക നീക്കം നടത്തി.
l രണ്ടാം വട്ടം പദവിയില്‍ തുടരുന്നതിന് അമേരിക്ക തടസ്സംനിന്നു.
l ബോസ്നിയ, സോമാലിയ, റുവാണ്ട എന്നിവിടങ്ങളില്‍ യു.എന്നിനുണ്ടായ പരാജയത്തിന് പഴിചാരപ്പെട്ടു.
VII. കോഫി അന്നാന്‍ (Kofi A Annan), 1997-2006, ഘാന)
l അമേരിക്കയുടെ ഇറാഖ് അധിനിവേശം നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചു.
l 2001ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു.
VIII. ബാന്‍ കി മൂണ്‍ (Ban Ki moon) 2007 മുതല്‍, തെക്കന്‍ കൊറിയ)
 

പ്രത്യേക ഏജന്‍സികള്‍
അന്താരാഷ്ട്ര പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് യു.എന്നിന് ചില ഏജന്‍സികള്‍ ഉണ്ട്.
l ഭക്ഷ്യ കാര്‍ഷിക സംഘടന FAO, (Food and agriculture organization)
നിലവില്‍വന്ന വര്‍ഷം: 1945
ആസ്ഥാനം: ഇറ്റലിയിലെ റോം.
ലക്ഷ്യം: ഭക്ഷണം, കൃഷി, പോഷകാഹാരം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയും വ്യാഖ്യാനിക്കുകയും അപഗ്രഥിക്കുകയും വേണ്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുക.
l വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്കാരിക സംഘടന UNESCO (United Nations Educational, Scientific and Cultural Organisation)
വര്‍ഷം: 1945
ആസ്ഥാനം: പാരിസ്
ലക്ഷ്യം: ശാസ്ത്രം, വിദ്യാഭ്യാസം, സംസ്കാരം എന്നിവയിലൂടെ അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും വളര്‍ത്തുക.
l അന്താരാഷ്ട്ര തൊഴില്‍ സംഘടന: ILO (International Labour Organization)
വര്‍ഷം: സര്‍വരാഷ്ട്ര സമിതിയുടെ പൈതൃകമായ അന്താരാഷ്ട്ര തൊഴില്‍ സംഘടന 1919ലാണ് രൂപവത്കരിച്ചത്.
ആസ്ഥാനം: ജനീവ
ലക്ഷ്യം: കൂലി, ജോലി, സമയം, തൊഴില്‍ സൗകര്യങ്ങള്‍, തൊഴില്‍ സാഹചര്യങ്ങളുടെ പുരോഗതി .
l പുനര്‍ നിര്‍മാണ വികസന ബാങ്ക് IBRD (International Bank for Reconstruction and Development)
ലോകബാങ്ക് എന്ന്  അറിയപ്പെടുന്നു.
വര്‍ഷം: 1946 ഡിസംബര്‍ 27
ആസ്ഥാനം: വാഷിങ്ടണ്‍
ലക്ഷ്യം: ഉല്‍പാദന വര്‍ധന, ജീവിത നിലവാരം ഉയര്‍ത്തല്‍, അന്താരാഷ്ട്ര വ്യാപാരത്തിന്‍െറ മെച്ചപ്പെട്ട സന്തുലനം എന്നിവ കൈവരിക്കാനാവശ്യമായ അന്താരാഷ്ട്ര നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക.
പുനര്‍നിര്‍മാണം, ഊര്‍ജ ഉല്‍പാദനം, കൃഷി, വാര്‍ത്താ വിനിമയം എന്നിങ്ങനെയുള്ള പ്രത്യേക പരിപാടികള്‍ നടത്താനായി അംഗരാഷ്ട്രങ്ങള്‍ക്ക് ഐ.ബി.ആര്‍.ഡി ധനസഹായം നല്‍കുന്നു.
l ലോകാരോഗ്യ സംഘടന WHO (World Health Organization)
വര്‍ഷം: 1948, ഏപ്രില്‍ ഏഴ്
ആസ്ഥാനം: ജനീവ
ലക്ഷ്യം: ലോകമെമ്പാടുമുള്ള ജനങ്ങളുടെ ആരോഗ്യം കഴിയുന്നത്ര മെച്ചപ്പെടുത്തുക, രോഗനിര്‍മാര്‍ജനം, പകര്‍ച്ചവ്യാധി തടയല്‍, പോഷകാഹാര വര്‍ധന, ശുചിത്വ സ്വഭാവം എന്നിവ വളര്‍ത്തിയെടുക്കുക.
l അന്താരാഷ്ട്ര ശിശുക്ഷേമ പദ്ധതി UNICEF (United Nations Childrens emergency Fund)
 വര്‍ഷം: 1946
ആസ്ഥാനം: ന്യൂയോര്‍ക്
ലക്ഷ്യം: വിവിധ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് പല രീതിയിലുള്ള സഹായങ്ങള്‍ നല്‍കുകയാണ് അന്താരാഷ്ട്ര ശിശുക്ഷേമ പദ്ധതി (UNICEF)യുടെ ഉദ്ദേശ്യം. ഭക്ഷണസാധനങ്ങള്‍ മരുന്ന്, വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ വികസ്വര രാജ്യങ്ങളിലെ കുട്ടികള്‍ക്ക് എത്തിച്ചുകൊടുക്കുന്നു.

l അന്താരാഷ്ട്ര നാണയ നിധി IMF (International Monetary Fund)
ആസ്ഥാനം: വാഷിങ്ടണ്‍
വര്‍ഷം: 1945
ലക്ഷ്യം:  അന്താരാഷ്ട്ര വ്യാപാരം, വാണിജ്യം, മറ്റ് സാമ്പത്തിക കാര്യങ്ങള്‍ എന്നിവ ആണ് ഇതിന്‍െറ ലക്ഷ്യം.

ഇന്ത്യയും യു.എന്നും
ഐക്യരാഷ്ട്ര സംഘടനയുടെ പിറവിക്കാലം മുതല്‍തന്നെ ഇന്ത്യ അംഗമാണ്. സാന്‍ഫ്രാന്‍സിസ്കോയില്‍ യു.എന്‍ ചാര്‍ട്ടര്‍ ഒപ്പുവെച്ച 51 രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയായിരുന്നു.
യു.എന്നിന്‍െറ സങ്കല്‍പങ്ങള്‍ക്ക് അനുയോജ്യമായാണ് ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തിയിരിക്കുന്നത്.
1953-1954ല്‍ വിജയലക്ഷ്മി പണ്ഡിറ്റ് ആയിരുന്നു യു.എന്‍ ജനറല്‍ അസംബ്ളിയുടെ പ്രസിഡന്‍റ്. രാമസ്വാമി മുതലിയാര്‍ സാമ്പത്തിക സമിതിയുടെയും ജഗ്ജീവന്‍ റാം അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെയും ഹോമിഭാഭ ആണവശക്തിയുടെ സമാധാന ഉപയോഗ സമിതിയുടെയും കെ.പി.എസ്. മേനോന്‍ കൊറിയന്‍ കമീഷന്‍െറയും പ്രസിഡന്‍റുമാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന (WHO) യുടെ പ്രസിഡന്‍റായിരുന്നു അമൃത് കൗര്‍.
യു.എന്നിന്‍െറ കമ്യൂണിക്കേഷന്‍ ആന്‍ഡ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ മേധാവിയായിരുന്നു ശശി തരൂര്‍. ഇദ്ദേഹം സെക്രട്ടറി ജനറല്‍ സ്ഥാനാര്‍ഥിയായി ബാന്‍ കി മൂണിനെതിരെ മത്സരിച്ച് പരാജയപ്പെട്ടു.

യു.എന്നിനെ എങ്ങനെ
വിലയിരുത്താം?

  • ലോകസമാധാനം കൈവരുത്താനുള്ള സമീപനമെന്ന നിലയില്‍
  • രാഷ്ട്രവ്യവസ്ഥയെ നിരാകരിക്കാത്ത ആഗോള സംഘടന എന്ന നിലയില്‍
  • കൂടുതല്‍ വിശാലമായ താല്‍പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ട് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞ സംഘടന എന്നനിലക്ക്.
നിലവിലെ സ്ഥാനപതികള്‍
ജനറല്‍ അസംബ്ളി പ്രസിഡന്‍റ്
നാസ്സിര്‍ അബ്ദുല്‍ അസീസ് അല്‍ നാസര്‍ -ഖത്തര്‍
Ecosco
പ്രസിഡന്‍റ്: ലാസറസ് കപംബ്വെ (Lazarous Kapambwe) -സാംബിയ
വൈസ് പ്രസിഡന്‍റുമാര്‍: അബ്ദുല്‍ കലാം അബ്ദുല്‍ മോമന്‍ (ബംഗ്ളാദേശ്)
ഗോണ്‍സാലോ ഗുട്ടിറസ് റീനല്‍ (പെറു)
മൈലോസ് കൊട്ടേറക് (സ്ലോവാക്യ)
രക്ഷാസമിതി
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍: ഡോ. ആശാ റോസ് മിഗിരോ -താന്‍സാനിയ

ഇന്‍റര്‍നാഷനല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്
പ്രസിഡന്‍റ്: ഹിഷാഷി ഒവാഡ (ജപ്പാന്‍)
വൈസ് പ്രസിഡന്‍റ്: പീറ്റര്‍ ടോംക (സ്ലോവാക്യ)

ആസ്ഥാനങ്ങള്‍
ജനറല്‍ അസംബ്ളി -ന്യൂയോര്‍ക്
സെക്യൂരിറ്റി കൗണ്‍സില്‍ -ന്യൂയോര്‍ക്
ഇകോസ്കോ -ന്യൂയോര്‍ക്
ഇന്‍റര്‍നാഷനല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് -ഹേഗ് (നെതര്‍ലന്‍ഡ്സ്)
ട്രസ്റ്റിഷിപ് -ന്യൂയോര്‍ക്
സെക്രട്ടേറിയറ്റ് -ന്യൂയോര്‍ക്

നാള്‍വഴികള്‍
ആഗസ്റ്റ് 1941-യു.എസ് പ്രസിഡന്‍റ് ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍റ്റും ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലും അറ്റ്ലാന്‍റിക് പ്രമാണത്തില്‍ ഒപ്പുവെച്ചു.
ജനുവരി 1942- അറ്റ്ലാന്‍റിക് പ്രമാണത്തെ പിന്തുണക്കുന്നതിനും യു.എന്‍ പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുന്നതിനും അച്ചുതണ്ട് ശക്തികള്‍ക്കെതിരെ പോരാടുന്ന 26 സഖ്യകക്ഷികള്‍ വാഷിങ്ടണ്‍ ഡി.സിയില്‍ ഒത്തുകൂടി.
ഡിസംബര്‍ 1943 -യു.എസും ബ്രിട്ടനും സോവിയറ്റ് യൂനിയനും അടങ്ങുന്ന മൂന്ന് ശക്തികളുടെ തെഹ്റാന്‍ കോണ്‍ഫറന്‍സ് പ്രഖ്യാപനം.
ഫെബ്രുവരി 1945 -നിര്‍ദിഷ്ട ലോകസംഘടനയായ ഐക്യരാഷ്ട്ര സഭയുടെ സമ്മേളനം സംഘടിപ്പിക്കാന്‍ ‘മൂന്ന് വലിയവരുടെ (Three big) റൂസ്വെല്‍റ്റ്, ചര്‍ച്ചില്‍, സ്റ്റാലിന്‍ -യാര്‍ട്ട സമ്മേളനം.
ഏപ്രില്‍, മേയ് -സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന അന്തര്‍ദേശീയ സംഘടനകളുടെ രണ്ടുമാസം നീണ്ടുനിന്ന ഐക്യരാഷ്ട്രസഭ സമ്മേളനം.
ജൂണ്‍ 26 1945 -51 രാഷ്ട്രങ്ങളുടെ യു.എന്‍ ചാര്‍ട്ടറില്‍ ഒപ്പുവെക്കല്‍.

1945 ഒക്ടോബര്‍ 24 -യു.എന്‍ സ്ഥാപിതം
 

No comments:

Post a Comment