Saturday, 12 November 2011

ക്ഷേത്രപ്രവേശന വിളംബരത്തിന് മുക്കാല്‍ നൂറ്റാണ്ട്‌






സഞ്ചാര സ്വാതന്ത്ര്യം പോലെ ആരാധനാ സ്വാതന്ത്ര്യവും ജനങ്ങള്‍ക്ക് അത്യന്താപേക്ഷിതമായിരുന്നു. സമരങ്ങളിലൂടെ നേടിയെടുത്ത ആരാധനാ സ്വാതന്ത്ര്യത്തെ ഇന്നുള്ളവര്‍ ഭക്തിയോടെ പരിപാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട കാലമായിരിക്കുന്നു. കേരളത്തിന്റെ മത നവീകരണം അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ എത്തിച്ചേര്‍ക്കാന്‍ സാധിച്ചുവോ എന്ന് സംശയമുണ്ട്


റഷ്യന്‍ വിപ്ലവം നടന്ന 1917-ല്‍ കേരളത്തിലൊരു വലിയ വിപ്ലവം നടന്നത് അധികമാരും ശ്രദ്ധിച്ചുകണ്ടില്ല. തീയ സമുദായക്കാരനായിരുന്ന മിതവാദി പത്രാധിപര്‍ കൃഷ്ണന്‍വക്കീല്‍ കോഴിക്കോട് സാമൂതിരിയുടെ തളിക്ഷേത്രത്തിന് (ശിവക്ഷേത്രം) മുന്നിലുള്ള ചൂണ്ടുപലകയെ അവഗണിച്ചു കൊണ്ട് ക്ഷേത്രവാതില്‍വരെ എത്തി. ആരും അദ്ദേഹത്തെ തടയാന്‍ ധൈര്യപ്പെട്ടില്ല. ചൂണ്ടുപലകയില്‍ അവശ സമുദായക്കാര്‍ക്ക് ഈ പലക കഴിഞ്ഞുള്ള ക്ഷേത്ര ഭൂമിയില്‍ പ്രവേശിക്കാന്‍ അനുവാദമില്ലായിരുന്നു. വിവരം കോഴിക്കോട് സബ് കളക്ടര്‍ അറിഞ്ഞുവെങ്കിലും നടപടിയുണ്ടായില്ല. ''നിങ്ങള്‍ ചെയ്തത് ന്യായമായ നല്ല കാര്യം'' തോണ്ടന്‍ സായിപ്പിന്റെ പ്രതിവചനം. മിതവാദി കൃഷ്ണന്‍ ക്ഷേത്രപ്രവേശന വിളംബര ചരിത്രത്തിലെ ഏറ്റവും സമുന്നതനായ നേതാവാണ്. പക്ഷേ, സ്വസമുദായക്കാരടക്കമുള്ളവര്‍ അദ്ദേഹത്തെ മറന്നു.

ഇന്ന് തിരുവിതാംകൂറിലെ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ മുക്കാല്‍ നൂറ്റാണ്ട് തികയുന്ന ദിവസമാണ് (നവംബര്‍ പന്ത്രണ്ട്). കാക്കിനട സമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കേരള യൂണിറ്റ് സെക്രട്ടറി കെ.പി.കേശവമേനോന്‍, ദേശാഭിമാനി ടി.കെ. മാധവന്‍, സര്‍ദാര്‍ കെ.എം. പണിക്കര്‍ (ചരിത്രകാരന്‍) എന്നിവരും മറ്റുള്ളവരോടൊപ്പം പങ്കെടുത്തിരുന്നു (1923). വൈക്കത്ത് ക്ഷേത്ര റോഡില്‍ കൂടി നടക്കുന്നതിനും ക്ഷേത്രപ്രവേശനത്തിനും ഇടയാക്കിയത് ഇവര്‍ ഗാന്ധിജിയുമായി നടത്തിയ തിരക്കിട്ട ചര്‍ച്ചകള്‍ മൂലമായിരുന്നു. അവസാനം വൈക്കം സത്യാഗ്രഹം തുടങ്ങാന്‍ ഗാന്ധിജി പച്ചക്കൊടി കാട്ടി. എന്നാല്‍, ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ (1885-1924) ഇഹലോകവാസംവെടി യല്‍മൂലം, സമരം അതിന്റെ തീച്ചൂളയില്‍ നില്‍ക്കേ, ഗാന്ധിജി നിര്‍ത്തിവെപ്പിച്ചു. തുടര്‍ച്ചയായി അദ്ദേഹം കേരളത്തിലെത്തുകയും റീജന്റ് സേതുലക്ഷ്മിഭായി (1924-1931) തമ്പുരാട്ടിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു; കോട്ടയ്ക്കകത്തെ കൊട്ടാരത്തില്‍ വെച്ച്. താന്‍ റീജന്റ് മാത്രമാണെന്നും തന്റെ സഹോദരി സേതുപാര്‍വതി ഭായിയുടെയും കിളിമാനൂര്‍ കോവിലകത്തെ രവിവര്‍മ കൊച്ചുകോവില്‍ തമ്പുരാന്റെയും പുത്രനായ ചിത്തിരതിരുനാള്‍ ബാലരാമവര്‍മയാണ് രാജ്യാവകാശിയെന്നും പറഞ്ഞ് റീജന്റ് രക്ഷപ്പെട്ടു. തൊട്ടടുത്തു നിന്ന ബാലനായ ചിത്തിര തിരുനാള്‍ മഹാത്മജിയോട് പറഞ്ഞു- ''ഞാന്‍ രാജാവാകുമ്പോള്‍ ക്ഷേത്രപ്രവേശനമനുവദിക്കും'' സര്‍ സി.പി.രാമസ്വാമി അയ്യര്‍ തിരുവിതാംകൂറില്‍ എത്തിയ 1931 -ന് അഞ്ചുവര്‍ഷം മുമ്പാണീ വാഗ്ദാനം ചിത്തിര തിരുനാള്‍ നല്‍കിയത്.

തന്റെ ഇരുപത്തഞ്ചാം ജന്മദിനത്തിന് മഹാരാജാവ് എല്ലാ ഹിന്ദുമത വിശ്വാസികള്‍ക്കുമായി ശ്രീപത്മനാഭസ്വാമിക്ഷേത്രമടക്കമുള്ള 1526 ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്തു. ഇതില്‍ അഖിലേന്ത്യാതലത്തില്‍ അറിയപ്പെട്ടിരുന്ന ഒരു ഡസനിലധികം ക്ഷേത്രങ്ങളും ഉള്‍പ്പെട്ടിരുന്നതായി ഗാന്ധിജിയുടെ 'ഹരിജന്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1836- ല്‍ തിരുവിതാംകൂറിലെ ആദ്യത്തെ സെന്‍സസ് സ്വാതിതിരുനാളിന്റെ കല്പനപ്രകാരം നടത്തിയപ്പോള്‍ 13 ലക്ഷമായിരുന്നു ഇവിടത്തെ ജനസംഖ്യ. ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ ഇതിന്റെ എത്രയോ ഇരട്ടിയായി തിരുവിതാംകൂര്‍ ജനസംഖ്യ. എല്ലാവര്‍ക്കും- വിശ്വാസികള്‍ക്ക്- ക്ഷേത്രത്തില്‍ ആരാധന നടത്താന്‍ നല്‍കിയ കല്പനയെ ഇരുപതാം നൂറ്റാണ്ടിലെ 'മഹാതിശയ'മായി ഗാന്ധിജി 'യങ് ഇന്ത്യയിലും' 'ഹരിജനിലും' വിശേഷിപ്പിച്ചു.

1931- ല്‍ കേരളഗാന്ധി കേളപ്പന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സത്യാഗ്രഹവും പിന്നീട് ശുചീന്ദ്രം സത്യാഗ്രഹവും ഉണ്ടായി എങ്കിലും മലബാര്‍ ജില്ലയില്‍ ക്ഷേത്രപ്രവേശനത്തിന് ഔദ്യോഗിക അനുവാദം തിരുവിതാംകൂറിലേത് കഴിഞ്ഞ് ഒരു വ്യാഴവട്ടം കഴിഞ്ഞുമാത്രമാണ് പ്രാബല്യത്തില്‍ വന്നത് (1948). കൊച്ചിയില്‍ രാജകുടുംബാംഗങ്ങള്‍ പോലും ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള പാലിയം സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് അവശസമുദായക്കാര്‍ക്ക് ആരാധനാസ്വാതന്ത്ര്യം നേടിക്കൊടുത്തത് എന്നത് ഏവരെയും ആശ്ചര്യപ്പെടുത്തിയേക്കും.
സഞ്ചാരസ്വാതന്ത്ര്യം പോലെത്തന്നെ ആരാധനാ സ്വാതന്ത്ര്യവും ജനങ്ങള്‍ക്ക് അത്യന്താപേക്ഷിതമായിരുന്നുവെന്ന് ചരിത്രത്താളുകളില്‍ നിന്ന് മനസ്സിലാക്കാം. വൈകുണ്ഠസ്വാമികളും ആറാട്ടുപുഴ വേലായുധപ്പണിക്കരും ക്ഷേത്രാരാധനയെ പ്രോത്സാഹിപ്പിച്ചുതന്നെയാണ് ഹിന്ദുനവോത്ഥാനത്തിന് ശ്രമിച്ചത്. വേലായുധപ്പണിക്കര്‍ കഥകളിയോഗം മാത്രമല്ല കണ്ണാടി പ്രതിഷ്ഠയും നിര്‍വഹിച്ചാണ് സമുദായോദ്ധാരണത്തിന് വിത്തുപാകിയത്. ഈ പാതയില്‍ത്തന്നെയായിരുന്നു ശ്രീനാരായണഗുരുദേവനും. അതുകൊണ്ടാണല്ലോ അദ്ദേഹം അരുവിപ്പുറത്ത് 'ഈഴവശിവനെ' പ്രതിഷ്ഠിച്ച് മതനവീകരണത്തിനും സമുദായപരിഷ്‌കാരത്തിനും തുനിഞ്ഞത്. ചട്ടമ്പിസ്വാമികളും മന്നത്ത് പത്മനാഭന്റെ സവര്‍ണ ജാഥയും ക്ഷേത്രപ്രവേശനചരിത്രത്തിലെ നാഴികക്കല്ലുകളാണ്. സവര്‍ണ ജാതിക്കാര്‍ അവശസമുദായക്കാരുടെ ക്ഷേത്രപ്രവേശനത്തിന് അനുകൂലമാണ്, എതിരല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ മന്നത്തിന്റെ സവര്‍ണജാഥയ്ക്ക് കഴിഞ്ഞു. ഗാന്ധിജിയുമായുള്ള ഇണ്ടന്‍ തുരുത്തിയുടെ ചര്‍ച്ചകളും വാദമുഖങ്ങളും പൊളിഞ്ഞതും സവര്‍ണരുടെ സമ്പൂര്‍ണ പിന്തുണ സര്‍ക്കാറിന് നല്‍കാനും മന്നത്തിന്റെ മെമ്മോറാണ്ടംകൊണ്ട് സാധിച്ചു.

അയ്യങ്കാളിയും കെ.പി. കറുപ്പനും സഹോദരന്‍ അയ്യപ്പനും ബ്രഹ്മാനന്ദശിവയോഗിയുമെല്ലാം ഇത്തരമൊരു മതനവീകരണപ്രസ്ഥാനത്തില്‍ ഭാഗഭാക്കായി. ബഹുഭൂരിപക്ഷം വരുന്നവര്‍ക്ക് ക്ഷേത്രാരാധനാസ്വാതന്ത്ര്യം കൈവരിക്കാന്‍ സാധിച്ചത്, അബ്രാഹ്മണപ്രസ്ഥാനത്തിന്റെ പില്‍ക്കാല നേതാക്കളായ പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കരെപ്പോലുള്ളവരുടെയും പിന്തുണയോടെയായിരുന്നു. മതവിശ്വാസത്തെ തച്ചുടയ്ക്കണമെന്നാണ് പെരിയാര്‍ പില്‍ക്കാലത്ത് ആവശ്യപ്പെട്ടതെങ്കിലും വൈക്കം സത്യാഗ്രഹത്തില്‍ അദ്ദേഹം സക്രിയമായി പങ്കെടുത്തു. സത്യക്രിസ്ത്യാനിയായ ജോര്‍ജ് ജോസഫിനെ ഗാന്ധിജി ആദ്യം വൈക്കത്തേക്ക് നിയോഗിച്ചെങ്കിലും, ''ഹിന്ദുക്കളുടെ കാര്യം അവര്‍ ചെയ്യട്ടെ'' എന്നു പറഞ്ഞ് ജോസഫിനെ തിരിച്ചുവിളിച്ചു 'യങ്ഇന്ത്യ'യുടെ എഡിറ്റര്‍ ചുമതല നല്‍കി. പാലക്കാട്ടെ ശബരി ആശ്രമസ്ഥാപകന്‍ ടി.ആര്‍.കൃഷ്ണസ്വാമി അയ്യര്‍, പഞ്ചാബിലെ അകാലികള്‍ തുടങ്ങിയവരും വൈക്കം സത്യാഗ്രഹത്തെ പരിപോഷിപ്പിച്ചു. ഇങ്ങനെയെല്ലാം നേടിയ ആരാധനാസ്വാതന്ത്ര്യത്തെ ഇന്നുള്ളവര്‍ തികഞ്ഞ ഭക്തിയോടെ പരിപാലിക്കുന്നുണ്ടോ എന്ന് തിരിച്ചറിയേണ്ട കാലമായിരിക്കുന്നു.

കാടാമ്പുഴയില്‍ ഭര്‍ത്താവിനുവേണ്ടി പൂമൂടലും പഴവങ്ങാടി ഗണപതിക്ക് പിതാവിനുവേണ്ടി തേങ്ങ ഉടയ്ക്കലും ആലത്തിയൂര്‍ ഹനുമാന് മകള്‍ക്കുവേണ്ടി അവില്‍ നിവേദ്യവും നടത്തുന്ന യുക്തിവാദികളും അവിശ്വാസികളായി ഭാവിക്കുന്ന (അഭിനയിക്കുന്ന) വിശ്വാസികളും ഉണ്ടെങ്കിലും കേരളത്തിന്റെ മതനവീകരണം അതിന്റെ ഉദ്ദേശ്യങ്ങളിലെത്തിച്ചേരാന്‍ സാധിച്ചുവോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
കപട ഭക്തന്മാരുടെ സംഖ്യ പെരുകിവരുന്നതായി തോന്നുന്നുണ്ട്. അതേസമയം സാത്വികമായ ഭക്തിയുടെ നിറവേറ്റല്‍ ഇന്ന് നടക്കുന്നുണ്ടോ? അര്‍ച്ചനകളും മറ്റ് വഴിപാടിനങ്ങളും കച്ചവടവത്കരിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരായ പൂജാരിമാര്‍ അര്‍ച്ചന നടത്തുമ്പോഴും ഭക്തന്റെ ദക്ഷിണയിലേക്ക് ആര്‍ത്തിയോടെ നോക്കുന്നതും നമ്മുടെ ഭക്തിയെ മരവിപ്പിക്കുന്നു. മതം മനുഷ്യനുവേണ്ടിയെങ്കിലും അതിന്റെ അടിസ്ഥാന വേരുകള്‍ പിഴുതെറിയപ്പെടുന്നു. ക്ഷേത്രോദ്യോഗസ്ഥരും ഇതിന് അപവാദമല്ല. പൂജാരിമാരടക്കമുള്ള ക്ഷേത്ര ജീവനക്കാര്‍ ഇന്ന് അവിശ്വാസികളുടെ അവിശ്വാസികളാല്‍ നയിക്കപ്പെടുന്ന സംഘടനകളിലെ അംഗങ്ങളാണ്. ഇങ്ങനെയാണോ ഇരട്ടമുഖത്തോടെ അവര്‍ പ്രവര്‍ത്തിക്കേണ്ടത്.
ഉന്നതമായ സദാചാര ബോധവത്കരണവും മതനവീകരണത്തിന്റെ ഭാഗമാണ്. ഇന്ന് അതുണ്ടോ? ഇതിന് കടകവിരുദ്ധമായ കാര്യങ്ങളല്ലേ സമൂഹത്തില്‍ നടക്കുന്നത്? ഇതിന് ചുക്കാന്‍ പിടിക്കേണ്ടവരും മദ്യത്തിനും മദിരാക്ഷിക്കും അടിമകളാകുന്നതിന്റെ തെളിവുകളാണ് ഓരോ ദിവസത്തെയും പത്ര,മാസികാമാധ്യമങ്ങളില്‍ വരുന്നത്.

സംന്യാസി വേഷക്കാരോടുള്ള ആദരവും ഭക്തിയും ഇന്ന് മറഞ്ഞുകൊണ്ടിരിക്കുന്നു. പകരം അവജ്ഞയും വിദ്വേഷവും മുതല്‍ മുടക്കാവുന്നു. 'ഒരുജാതി ഒരുമതം ഒരുദൈവം' പറഞ്ഞുതന്ന ഡോ.പല്പുവും ഗുരുദേവനായ ശ്രീനാരായണനും വിദ്യാധിരാജനും വെട്ടിത്തുറന്ന പാതയില്‍ ഇന്ന് ശൂന്യതമാത്രം.ക്ഷേത്രകലകളിലും മന്ത്രോച്ചാരണത്തിലും പൂജാവിധികളിലും പ്രാവീണ്യം നേടിയ എത്ര അവശസമുദായക്കാര്‍ ഇന്ന് നമുക്കുണ്ട്? അധികമില്ല. ക്ഷേത്ര പ്രവേശനം കിട്ടി മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും - പറവൂര്‍ ശ്രീധരന്‍ തന്ത്രി ഒഴിച്ച്- എത്ര അവശ സമുദായക്കാര്‍ സാമൂഹിക നവോത്ഥാനത്തിന് മുന്നോട്ടുവന്നു? എത്രപേര്‍ തന്ത്രമന്ത്രവിദ്യകളില്‍ സ്വയം പ്രാഗല്ഭ്യം തെളിയിച്ച് സമൂഹത്തിന്റെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്നു. സമുദായ നേതാക്കള്‍ സമൂഹങ്ങളുടെ വളര്‍ച്ചയെ നേര്‍വഴിക്ക് നയിക്കുന്നതിനു പകരം വിദ്യാഭ്യാസ വ്യവസായത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ച് കാണുന്നത്. ചിലര്‍ ആതുരസേവയുടെ പേരില്‍ നരഹത്യയും പലതരം വാണിഭങ്ങളും നടത്തുന്നു.


ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍-മാതൃഭൂമി 

No comments:

Post a Comment