Thursday 24 November 2011

ഓറഞ്ച് തൊലിയില്‍ നിന്ന് ജൈവ ഇന്ധനം

image

ഓറഞ്ചിന്‍െറ തൊലികൊണ്ട് എന്താണ് ഉപയോഗം? ചോദ്യം സ്കൂളിലെ ഏതെങ്കിലും വികൃതി പിള്ളേരോടാണെങ്കില്‍ തൊലിയിലെ നീര് അടുത്തിരിക്കുന്ന കുട്ടിയുടെ കണ്ണില്‍ തെറിപ്പിക്കാമെന്നായിരിക്കും ഉത്തരം. അതേസമയം, ഏതെങ്കിലും സുന്ദരിമാരുടെ കൈയിലാണ് ഇത് കിട്ടുന്നതെങ്കില്‍ അരച്ച് മുഖത്ത്തേച്ച് സൗന്ദര്യം വര്‍ധിപ്പിക്കും. പാചക വിദഗ്ധരാണെങ്കില്‍ ഓറഞ്ച് തൊലി ഉണക്കി കേക്കും മറ്റും ഉണ്ടാക്കുമ്പോള്‍ അതില്‍ ഇടും. തീര്‍ന്നു ഓറഞ്ച് തൊലിയുടെ ഉപയോഗം.
എന്നാല്‍, അത്ര സിസ്സാരനല്ല ഈ ഓറഞ്ചു തൊലിയെന്നാണ്  യോര്‍ക് സര്‍വകലാശാലയിലെ ഗവേഷകനായ ജെയിംസ് ക്ളാര്‍ക്ക് പറയുന്നത്. ജൈവ ഇന്ധനത്തിന്‍െറ വലിയൊരു കലവറയാണ് അല്ലി തിന്നശേഷം നാം വലിച്ചെറിയുന്ന ഓറഞ്ചു തൊലിയെന്നാണ് ക്ളാര്‍ക്കിന്‍െറ കണ്ടെത്തല്‍. ഇദ്ദേഹം പറയുന്നതനുസരിച്ച് ഓറഞ്ച് തൊലി മാത്രമല്ല, വിളപ്പില്‍ശാലകളും ഞെളിയന്‍പറമ്പുകളും ഉണ്ടാക്കാന്‍ നാം വലിച്ചെറിയുന്ന ഭക്ഷ്യ അവശിഷ്ടത്തില്‍ നല്ളൊരു പങ്കില്‍നിന്നും ജൈവ ഇന്ധനം ഉണ്ടാക്കാം. ഇതിന് ഉതകുന്ന ഒരു പുതിയ മൈക്രോവേവ് സംവിധാനമാണ് ജെയിംസ് ക്ളാര്‍ക്കിന്‍െറ യഥാര്‍ഥ കണ്ടുപിടിത്തം.
സാധാരണ അടുക്കളകളില്‍ കാണുന്ന മൈക്രോവേവ് ഓവനുകള്‍ പോലെത്തന്നെ തോന്നുമെങ്കിലും ക്ളാര്‍ക്ക് രൂപകല്‍പന ചെയ്ത മൈക്രോവേവ് സംവിധാനം ഫലങ്ങളുടെ തൊലിയിലെ തന്മാത്രകളെ വിഘടിപ്പിക്കുകയും ഇതില്‍നിന്ന് ഒരു പ്രത്യേകതരം വാതകം പുറത്തുകൊണ്ടുവരുകയും ചെയ്യും. ഈ വാതകത്തെ ദ്രവീകൃത രൂപത്തില്‍ ശേഖരിക്കാന്‍ കഴിയും. ഇതില്‍നിന്ന് ഇന്ധനവും പ്ളാസ്റ്റിക്കും മറ്റ് ചില രാസവസ്തുക്കളും ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ജെയിംസ് ക്ളാര്‍ക്ക് കണ്ടെത്തിയിരിക്കുന്നത്.
ഇതേ മൈക്രോവേവ് സംവിധാനം ഉപയോഗിച്ച് മറ്റ് പല സസ്യമാലിന്യങ്ങളും ഇന്ധനമാക്കി മാറ്റാമെന്നും അദ്ദേഹം അവകാശപ്പെടുന്നു. വൈക്കോല്‍, കശുവണ്ടിത്തോട്, ആപ്പിളിന്‍െറ തൊലി, നെല്ലിന്‍െറയും കാപ്പിയുടെയും തോട് തുടങ്ങി മനുഷ്യര്‍ പുറംതള്ളുന്ന പല ഉല്‍പന്നങ്ങളും ഈ രീതിയില്‍ ഉപയോഗപ്പെടുത്താമത്രെ.
ലോകത്ത് ഏറ്റവും കൂടുതല്‍ ഓറഞ്ച് ജൂസ് ഉല്‍പാദിപ്പിക്കുന്ന ബ്രസീലില്‍ പ്രതിവര്‍ഷം 80 ലക്ഷം ടണ്‍ ഓറഞ്ച് ചണ്ടിയാണ് മാലിന്യമായി മാറ്റപ്പെടുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ജെയിംസ് ക്ളാര്‍ക്ക് രൂപകല്‍പന ചെയ്ത മൈക്രോവേവ് സംവിധാനത്തിന് (അടുക്കളകളില്‍ ഉപയോഗിക്കുന്ന ഓവനോളമുള്ളത്) രണ്ട് ലക്ഷം പൗണ്ടാണ് (ഏകദേശം ഒന്നര കോടി രൂപ) ചെലവ് വന്നത്. വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഇതില്‍ മാലിന്യ ഭക്ഷ്യവസ്തു സംസ്കരണം സാധ്യമാവുകയുള്ളൂ. മണിക്കൂറില്‍ ആറു ടണ്‍ സംസ്കരണ ശേഷിയുള്ള സംവിധാനത്തിന് 10 ലക്ഷം പൗണ്ടാണ് (ഏകദേശം എട്ട് കോടി രൂപ) പ്രതീക്ഷിക്കുന്ന ചെലവ്.
ജെയിംസ് ക്ളാര്‍ക്കിന്‍െറ കണ്ടുപിടിത്തം ലോകത്തെ ഓരോ നഗരങ്ങളുടെയും ഉറക്കം കെടുത്തുന്ന മാലിന്യ സംസ്കരണ പ്രശ്നവും പരിഹരിക്കാന്‍ വഴിയൊരുക്കിയേക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വളരെ കുറഞ്ഞ ചൂടിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നതാണ് ഒരു പ്രത്യേകത. 200 ഡിഗ്രി സെന്‍റിഗ്രേഡാണ് ഉപയോഗിക്കപ്പെടുന്ന പരമാവധി ചൂട്.
 

No comments:

Post a Comment